പ്രതിസന്ധികളെ വെല്ലുവിളിച്ച് പുരസ്കാരനേട്ടത്തില്‍ രാജി
മുരിയാട്: മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ പുരസ്കാരം മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം തറയലക്കാട് 85-ാം നമ്പര്‍ തളിര് അങ്കണവാടിയിലെ അധ്യാപികയായ രാജരാജേശ്വരിക്ക്. കഴിഞ്ഞ 32 വര്‍ഷമായി തളിരിന്റെ അധ്യാപികയായ രാജരാജേശ്വരി കുട്ടികളുടെ പ്രിയപ്പെട്ട രാജി ടീച്ചറാണ്. രാവിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും വൈകീട്ട് അമ്പലത്തില്‍ വഴിപാട് കൗണ്ടറില്‍ സഹായിയായും രാത്രിയില്‍ വസ്ത്രങ്ങള്‍ തയ്ച്ചുകൊടുത്തും ജീവിതത്തോട് പടവെട്ടി. ആദ്യം വാടകവീട്ടിലായിരുന്നു താമസമെങ്കില്‍ പിന്നീട് സ്വന്തമായി വീടുവെച്ചു. 1992-ല്‍ അങ്കണവാടി ഉദ്ഘാടനം ചെയ്തതോടെ അവിടെ വര്‍ക്കറായി. കുട്ടികളെ പഠിപ്പിക്കാന്‍ സ്വന്തമായി കവിതയെഴുതാന്‍ തുടങ്ങി. ഇതുവരെ അന്‍പതിലേറെ കുട്ടിക്കവിതകളെഴുതിയിട്ടുണ്ട്. പഠിപ്പിക്കാന്‍ മാത്രമല്ല, കോവിഡുകാലത്ത് ഭരതനാട്യം പഠിച്ച് മകളോടൊപ്പം അരങ്ങേറ്റം നടത്തി. വര്‍ഷങ്ങളായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടിയിരുന്ന അങ്കണവാടിയിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കുറെയേറെ പാടുപെട്ട് കഴിഞ്ഞ ഡിസംബറില്‍ അങ്കണവാടിയിലേക്ക് വെള്ളമെത്തിക്കാന്‍ രാജിക്കും രക്ഷകര്‍ത്താക്കള്‍ക്കും കഴിഞ്ഞു.