മണ്ണിടിച്ചില്‍ ഭീഷണിയില്‍ മാപ്രാണം വാതില്‍മാടം കോളനി നിവാസികള്‍
ഇരിങ്ങാലക്കുട: മഴ തിമിര്‍ത്ത് പെയ്യാന്‍ തുടങ്ങിയതോടെ മാപ്രാണം വാതില്‍മാടം ക്ഷേത്രത്തിനടുത്തുള്ള നാലു സെന്റ് കോളനി നിവസികളുടെ നെഞ്ചില്‍ തീയാണ്. ജീവന് പോലും പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷിണിയിലാണ് ഈ കോളനിയിലെ വീടുക്കാര്. കഴിഞ്ഞ ദിവസം അറയ്ക്കവീട്ടില്‍ സുഹറയുടെ വീടിനോട് ചേര്‍ന്ന് മണ്ണിടിഞ്ഞു. ഒരു മാസം മുമ്പ് വാതില്‍മാടം കോളനിയിലെ മൂന്നു വീടുകളുടെ പിറകിലേക്കും മണ്ണിടിഞ്ഞിരുന്നു. അറയ്ക്കവീട്ടില്‍ സുഹറ, നൊച്ചുവളപ്പില് ഭവാനി, പാറളത്ത് കല്യാണി എന്നിവരുടെ വീടിന്റെ പിറകിലേക്കാണ് മണ്ണിടിഞ്ഞത്.
വീടിന്റെ പിറകില്‍ ഭീഷണിയായി നില്ക്കുന്ന മണ്ണ് നീക്കം ചെയ്യാമെന്ന് സ്ഥലം ഉടമ പറഞ്ഞിട്ടും ജിയോളജി വിഭാഗം അനുമതി നല്‍കാതിരുന്നതാണ് വീണ്ടും മണ്ണിടിയുന്നതിന് കാരണമെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ലൈഫ് പദ്ധതിയില്‍ പണിതതാണ് നൊച്ചുവളപ്പില് ഭവാനിയുടെയും മുരിങ്ങത്ത് കുട്ടന്റെയും വീടുകള്‍. നാല് മാസം മുന്‍പാണ് ഭവാനിയും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഈ വീടുകളുടെ പിറകിലാണ് കഴിഞ്ഞ ദിവസം കൂടുതലായി മണ്ണിടിഞ്ഞിരിക്കുന്നത്.
കുട്ടന്റെ വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ലെങ്കിലും മഴ പെയ്തതോടെ പുതുതായി പണിയുന്ന വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. അപകട ഭീഷണിയില്ലെന്ന് പറഞ്ഞാണ് ലൈഫ് പദ്ധതിയില്‍ വീടുവെയ്ക്കാന്‍ നഗരസഭ അനുമതി നല്‍കിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടുപണി കഴിഞ്ഞ് താമസമാക്കിയപ്പോള്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ടെന്ന് പറഞ്ഞ് മാറാന്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് വീട്ടുക്കാര് പറയുന്നു. കഴിഞ്ഞ വര്‍ഷം മണ്ണിടിഞ്ഞ് ഇതേ ലൈനിലുള്ള തെക്കൂടന്‍ കൊച്ചക്കന്റെ മകള്‍ രേഖയുടെ വീടിന്റെ പിറകുവശത്തെ ചുമരും വാതിലുകളും തകര്‍ന്നിരുന്നു.
കോളനിയിലെ അറയ്ക്കല്‍ വീട്ടില്‍ സുഹറ, എലുവുങ്കല് കൗസല്യ, പേടിക്കാട്ടുപറമ്പില്‍ ഗിരീഷ്, ചേനങ്ങത്ത് കാളിക്കുട്ടി എന്നിവര്‍ക്ക് നാലുസെന്റ് വീതം സ്ഥലം വാങ്ങി വീടുവെയ്ക്കാന്‍ കഴിഞ്ഞ വര്‍ഷം പത്തുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനായി കുഴിക്കാട്ടുകോണത്ത് സ്ഥലം വാങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ വിഷുവിന് അവര്‍ക്ക് വീടിന്റെ താക്കോല്‍ നല്‍കുമെന്നായിരുന്നു മന്ത്രി ആര്. ബിന്ദു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഷുകഴിഞ്ഞിട്ടുംസഥലം വാങ്ങിയതല്ലാതെ മറ്റൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 32 വീട്ടുകാരാണു ഈ കോളനിയില്‍ താമസക്കാരായുള്ളതെങ്കിലും നാലു വീട്ടുകാര്‍ക്കാണു മണ്ണിടിച്ചില്‍ ഭീഷണി ഏറെ കൂടുതലുള്ളത്.
മഴ തുടങ്ങിയാല്‍ ഓര്‍മയില്‍ വരുന്നത് മുമ്പ് നടന്ന ദുരന്തങ്ങള്‍
2007 ഓഗസ്റ്റ് എട്ടിനു രാത്രി പുലര്‍ച്ചെ രണ്ടു മണി സമയത്താണു ആദ്യ ദുരന്തം സംഭവിച്ചത്. ശക്തമായ മഴയില്‍ വീടിനോടു ചേര്‍ന്നുള്ള 45 ഓളം അടി ഉയരത്തിലുള്ള കുന്നില്‍ നിന്നും മണ്ണിടിയുകയായിരുന്നു. ഈ സമയം കോളനി നിവാസികളെല്ലാം ഉറക്കത്തിലായിരുന്നു. മണ്ണിടിഞ്ഞ ഈ സമയം വൈദ്യുതി ബന്ധവും നിലച്ചു. കൂടാരത്തില്‍ ലക്ഷ്മിയുടെ വീടാണു പൂര്‍ണമായും മണ്ണിടിഞ്ഞുവീണു തകര്‍ന്നത്. 2014 ലും ഇതുപോലെ ദുരന്തമുണ്ടായി. അന്ന് കൂടാരത്തില്‍ മണിയുടെ വീടാണു തകര്‍ന്നത്. കൊച്ചുകുട്ടികളടക്കമുള്ളവരെ വീടിനുള്ളില്‍ നിന്നും ഏറെ നേരത്തെ പരിശ്രമം മൂലമാണ് രക്ഷപ്പെടുത്തിയത്. മണിയുടെ കുടുംബത്തെ ഇവിടെ നിന്നും മാറ്റി പാര്‍പ്പിക്കുകയാണു ഉണ്ടായത്. 2019ല്‍ അറയ്ക്കല്‍ വീട്ടില്‍ സുഹറയുടെ വീടിനു മുകളിലേക്കാണു കുന്നിടിഞ്ഞു വീണത്.
കോണ്‍ക്രീറ്റ് മതില് ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രം…
വാതില്‍മാടം കോളനി നിവാസികളുടെ ദീര്‍ഘകാലമായിട്ടുള്ള ദുരിതത്തിനു പരിഹാരമാകുന്നതിനായി പ്രഫ. കെ.യു. അരുണന് എംഎല്‍എ തന്റെ ആസ്തി വികസന ഫണ്ടിലേക്കു ഈ കോളനിയുടെ സുരക്ഷാ പ്രവര്‍ത്തിക്കായി 63 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിരുന്നു. 2018 ല്‍ ഇതിനു ഭരണാനുമതി ലഭിച്ചു. 40 അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് മതില് കെട്ടി ഉയര്‍ത്തുക എന്നുള്ളതായിരുന്നു പദ്ധതി. 2019 ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സംരക്ഷണ ഭിത്തി പണിയുന്നതിന് കരാര്‍ ഉറപ്പിച്ചതാണ്. എന്നീട്ടും പണി മാത്രം ആരംഭിച്ചീട്ടില്ല.