സ്വകാര്യ ബസുടമകളുടെ സര്‍വീസ് ബഹിഷ്ക്കരണ മുന്നറിയിപ്പ് ഫലിച്ചു; റോഡില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി

തകര്‍ന്ന് കുളമായി കിടക്കുന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ ഇന്നലെ അറ്റകുറ്റ പണികള്‍ നടത്തുന്നു.
ഇരിങ്ങാലക്കുട: സ്വകാര്യ ബസുടമകളുടെ സര്‍വീസ് ബഹിഷ്ക്കരണ മുന്നറിയിപ്പ് ഫലിച്ചു. ബസ് സ്റ്റാന്‍ഡ് – എകെപി ജംഗ്ഷന് റോഡില്‍ സണ്ണി സില്‍ക്ക്സിന് മുന്നില്‍ തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നലെ രാവിലെ തന്നെ തുടങ്ങി. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ഈ റോഡ്. മഴ കനത്തതോടെ ഈ റോഡിലെ കുഴികള്‍ക്ക് ആഴം കൂടുകയും ബസുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. റോഡിന്റെ ഒരു ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ടെങ്കിലും മറുഭാഗത്ത് വലിയ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്.
പട്ടണത്തിലെ ചില റോഡുകളിലെ തകര്‍ന്ന് കിടക്കുന്ന ഭാഗങ്ങള്‍ ഈ മാസം ആദ്യം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കിലും ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ അടക്കം എറെ പേര് ആശ്രയിക്കുന്ന ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡ് കുഴികള്‍ നിറഞ്ഞ് അപകട മേഖലയായി തന്നെ തുടരുകയായിരുന്നു. നഗരസഭ പരിധിയിലെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി തന്നെ കഴിഞ്ഞ ആഴ്ച പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നഗരസഭ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.
റോഡ് സഞ്ചാരയോഗ്യമല്ലെന്നും സര്‍വീസ് മുന്നറിയിപ്പില്ലാതെ ബഹിഷ്ക്കരിക്കുമെന്നും കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട യൂണിറ്റ് ബഹിഷ്കരണ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഇപ്പോള്‍ നഗരസഭ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍വീസ് ബഹിഷ്ക്കരണ തീരുമാനം ബസുടമകള്‍ മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് അധികൃതരെയും അറിയിച്ചിരുന്നു. ബസ് സ്റ്റാന്‍ഡ്- എകെപി ജംഗ്ഷന് റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗം ടൈലിട്ട് ഉയര്‍ത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ശക്തമായ മഴയില്‍ പണി ആരംഭിക്കാന്‍ കഴിയാത്തതാണെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്.