തൃശൂര്‍ ജില്ലയില്‍ ആദ്യമായി എല്ലാ അയല്‍കൂട്ടങ്ങളെയും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്
കാട്ടൂര്‍: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിത പ്രോട്ടോകോള്‍ പ്രകാരം പരിശോധന നടത്തി ഗ്രേയ്ഡ് നിഞ്ചയിച്ചതിന്റെ ഭാഗമായി കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഹരിത സാക്ഷ്യപത്രം ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്. കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വെച്ച് ഹരിത കേരള മിഷന്റെ സാക്ഷ്യപത്രങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ബാങ്കുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് കൈമാറി. ചടങ്ങില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.സി. രമാഭായി, രഹി ഉണ്ണികൃഷ്ണന്, പി.എസ്. അനീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനിത എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു. മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ റിസോഴ്സ് പേഴ്സണ്‍ ശ്രീത സ്വാഗതം പറഞ്ഞു. കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ജിനേഷ് യോഗത്തില്‍ നന്ദി പറഞ്ഞു.