അപകടസാധ്യതയേറി; നമ്പ്യാങ്കാവ് പാലത്തിന്റെ അരികിടിഞ്ഞു

നമ്പ്യാങ്കാവ് പാലത്തിന്റെ അരികിടിഞ്ഞ നിലയില്‍.
മുരിയാട്: മാപ്രാണത്തുനിന്നു മുരായാട് ഭാഗത്തേയ്ക്കുപോകുന്ന ഭാഗത്ത് നമ്പ്യാങ്കാവ് പാലത്തിന്റെ അരികിടിഞ്ഞ് അപകടഭീഷണി ഉയര്‍ത്തുന്നു. ഇരിങ്ങാലക്കുട നഗരസഭയുടെയും മുരിയാട് പഞ്ചായത്തിന്റേയും അതിര്‍ത്തിയില്‍ കെഎല്‍ഡിസി കനാലിനുകുറുകെയാണ് പാലം. മുരിയാട് പഞ്ചായത്തിലെ ആനന്ദപുരത്തേക്ക് മാപ്രാണം ഭാഗത്തുനിന്ന് എളുപ്പം എത്തിച്ചേരാന്‍കഴിയുന്ന പാലമാണിത്. ഇതില്‍ മുരിയാട് പഞ്ചായത്തുഭാഗത്താണ് മൂന്നടിയോളംവരുന്ന ഭാഗം താഴേക്ക് ഇടിഞ്ഞു പോയത്.
നേരത്തെ റോഡിന്റെ ഇരുവശത്തും കാടുകയറിക്കിടന്നതിനാല് ഇടിഞ്ഞുപോയത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ പാലം മുതല്‍ ആനന്ദപുരം വരെ റോഡ് ടാറിടുന്നതിന്റെ ഭാഗമായി ഇരുവശത്തേയും കാട് വെട്ടിത്തെളിച്ചതോടെയാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പാലത്തില്‍ വഴിവിളക്കില്ലാത്തതിനാല്‍ രാത്രി ഇതുവഴിവരുന്ന യാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. അരിക് ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്നും ഇടിഞ്ഞുപോയഭാഗം കെട്ടിയുയര്ത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.