നൂതന ന്യൂറോ ഫിസിയോതെറാപ്പി ഇനി പൊതുമേഖലയിലും
ഇരിങ്ങാലക്കുട: സാധാരണക്കാര്‍ക്കു ലഭ്യമല്ലാതിരുന്ന അഡ്വാന്‍സ്ഡ് ന്യൂറോ വാസ്കുലാര്‍ ഫിസിയോതെറാപ്പി ട്രീറ്റ്മെന്റ് ഇനി പൊതുമേഖലയിലും. ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷനിലാണ് (നിപ്മര്‍) നൂതന ഫിസിയോതെറാപ്പി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. നാഡീ സംബന്ധവും ന്യൂറോ വാസ്കുലാര്‍ സംബന്ധവുമായ പ്രശ്നങ്ങള്‍ മൂലം ചലനശേഷിയിലും പ്രവര്‍ത്തന ക്ഷമതയിലും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുള്ള ചികിത്സയാണ് ഇനി സാധാരണക്കാര്‍ക്കും ലഭ്യമാകുക. സ്വകാര്യ മേഖലയില്‍ വലിയ ചെലവു വരുന്ന ചികിത്സ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായാണ് ലഭ്യമാകുന്നത്. ഫംഗ്ഷണല്‍ ന്യൂറോളജിക്കല്‍ ഡിസോഡര്‍, സ്ട്രോക്ക്, സ്പൈനല്‍ കോഡ് ആന്‍ഡ് ട്രോമാറ്റിക് ബ്രെയ്ന്‍ ഇന്‍ജ്വറീസ്, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, പാര്‍കിന്‍സണ്‍സ് എന്നീ രോഗാവസ്ഥയിലുള്ളവര്‍ക്കു ആശ്വാസമാണു പ്രസ്തുത യൂണിറ്റ്. ശാരീരിക ചലനങ്ങളെ തലച്ചോറു കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതിനും പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി കംപ്യൂട്ടര്‍ നിയന്ത്രിത നൂതന യന്ത്രങ്ങളുടെ സഹായത്തോടെ തെറാപ്പിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നതുമാണു ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റിന്റെ പ്രത്യേകത. മണിക്കൂറിന് ആയിരങ്ങള്‍ ചെലവു വരുന്ന ചികിത്സയാണ് നിപ്മറില്‍ ചുരുങ്ങിയ ചെലവില്‍ സാധ്യമാക്കുന്നതെന്നു നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബു പറഞ്ഞു. നൂതന ഓവര്‍ഹെഡ് ട്രാക്ക് സിസ്റ്റമായ മാക്സി സ്കൈ, 8 ചാനല്‍ ഫെസ് മെഗാ എക്സ്പി, ഡൈനാമിക്ഫെസ് ഫോര്‍ ലോവര്‍ ലിംബ് ഫിംറ്റ് 2001 ഡി, ഓഷ്യാനിക് റീഹാബ് 303, സ്റ്റാന്‍ഡിംഗ് റൈസിംഗ് എയ്ഡ് സംവിധാനമായ വെര്ട്ടിയോ, സിറ്റ്സ്റ്റാന്റ് സ്ക്വാറ്റ് അസിസ്റ്റ് ട്രെയ്നര്‍, കൈനറ്റെക് എന്നിവയാണു നൂതന ന്യൂറോ ഫിസിയോതെറാപ്പിക്കായി ഉപയോഗിക്കുന്ന മറ്റു സംവിധാനങ്ങള്‍.