‘പുരുഷു’വിനു സ്മാരകമൊരുക്കുകയാണു പുല്ലൂര്‍ സ്വദേശിനി ബിന്ദു
പുല്ലൂര്‍: കാഴ്ചയില്ലാത്ത, ഏഴു വര്‍ഷത്തോളം ശരീരം തളര്‍ന്നു കിടന്ന പുരുഷു എന്ന പൂച്ചക്കു മരണാനന്തരം സ്മാരകം ഒരുക്കുകയാണു പുല്ലൂര്‍ സ്വദേശിനി ബിന്ദു. തൃശൂര്‍ പുല്ലൂര്‍ അമ്പലനടയിലെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവുമായിരുന്നു പുരുഷു പൂച്ചയെ സ്വന്തം കുഞ്ഞിനെപ്പോലെ സംരക്ഷിച്ചിരുന്നത്. ഏഴു വര്‍ഷത്തെ സ്നേഹബന്ധമാണു ബിന്ദുവിനു പുരുഷു പൂച്ചയോടുള്ളത്. സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു പൂച്ചയെ ഇവര്‍ പരിചരിച്ചിരുന്നത്. ഏഴു വര്‍ഷം തളര്‍ന്നു കിടന്നു, സ്വന്തം കുഞ്ഞിനെ പോലെ ബിന്ദു നോക്കിയ പുരുഷു പൂച്ച കുറച്ചു ദിവസം മുമ്പാണു യാത്രയായത്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നു പുരുഷു എന്നാണു ബിന്ദുവും ബന്ധുക്കളും പറയുന്നത്. 2014 ഡിസംബറില്‍ ബിന്ദുവിന്റെ വീട്ടിലെ പൂച്ച മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കി. രണ്ടെണ്ണം പെട്ടന്നു തന്നെ ചത്തുപോയി. മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ നല്ല പരിചരണം നല്കി ഇവര്‍ ജീവിതത്തിലേക്കു തിരികെ കൈപിടിച്ചുയര്‍ത്തി. പൂച്ചക്കുഞ്ഞിന് ഇവര്‍ ‘പുരുഷു’ എന്നു പേരിട്ടു. അധികമൊന്നും നടക്കില്ലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പിച്ചവെച്ചു നടക്കുന്നതു പോലെയായിരുന്നു. ഇതിനിടയില്‍ വൈറല്‍ പനി ബാധിച്ചു പുരുഷുവിനു കാഴ്ച ശക്തി നഷ്ടമായി. ചലന ശക്തിയും ക്ഷയിച്ചു. ഇതോടെ, അധികകാലം ജീവിച്ചിരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, ബിന്ദു ഇവിടെ നിന്നും വീണ്ടും പുരുഷുവിനെ സ്വന്തമായി ഏറ്റെടുത്തു. കുഞ്ഞുങ്ങള്‍ക്കു നല്കുന്നതു പോലെ മടിയിലിരുത്തിയായിരുന്നു ബിന്ദു പുരുഷുവിനു ഭക്ഷണം നല്‍കിയിരുന്നത്. സ്പൂണില്‍ കോരി വായിലൊഴിച്ചു കൊടുക്കുമായിരുന്നു. സ്വന്തം കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ ബിന്ദു അവനെ കിടത്തി ഉറക്കും. അവനു പ്രത്യേകം കിടക്കവിരിയും പുതപ്പും തലയിണയുമൊക്കെയുണ്ട്. തനിച്ചാക്കാന്‍ മനസനുവദിക്കാത്തതിനാല് ബിന്ദു വീടുവിട്ട് എവിടെയും പോയി നില്ക്കാറുമില്ല. ബിന്ദുവിന്റെയും വളര്‍ത്തുപൂച്ച പുരുഷുവിന്റെയും സ്നേഹബന്ധം ആരുടെയും കരളലിയിക്കുന്നതാണ്. ഇനി ആ വീട്ടില്‍ പുരുഷു ഇല്ല. പുരുഷുവിന്റെ മരണം ഈ കുടുംബത്തെ ഒന്നടങ്കം തളര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ പുരുഷുവിനെ കുറിച്ചുള്ള ഓര്‍മകള്‍ മനസില്‍ സൂക്ഷിക്കുവാന്‍ ബിന്ദു തന്റെ പുരുഷു എന്ന പൂച്ച അന്തിയുറങ്ങുന്ന സ്ഥലത്തു സ്മാരകം പണിയുകയാണ്.