വിവാഹ വാര്‍ഷിക ദിനത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കു ബിരിയാണി നല്കി
ഇരിങ്ങാലക്കുട: കണ്ടെയ്ന്മെന്റ് സോണായ ഇരിങ്ങാലക്കുടയില്‍ തെരുവില്‍ കഴിയുന്നവര്‍ക്കു കഴിഞ്ഞ ദിവസം ലഭിച്ചതു സുഭിക്ഷമായ ചിക്കന്‍ ബിരിയാണി. കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നു ഇരിങ്ങാലക്കുട നഗരസഭ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാണ്. ഹോട്ടലുകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. തെരുവില്‍ കഴിയുന്ന ഒട്ടനവധി പേരാണു ഇരിങ്ങാലക്കുടയില്‍ ഉളളത്. കഴിഞ്ഞ രണ്ടു വര്‍ഷകാലമായി നിത്യവും ഇവര്‍ക്കു ഉച്ചക്ഷണം നല്കുന്ന ഒരു ഫ്രിഡ്ജ് ഉണ്ട്. ഇരിങ്ങാലക്കുടയില്‍ ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബോയ്സ് സ്കൂളിനു മുന്നിലാണു ഇത്തരത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കു ഭക്ഷണവിതരണം നടത്തുന്നത്. കൂട്ടായ്മയിലെ അംഗമായ നൗഫല്‍ ചെന്ത്രാപ്പിന്നിയുടെയും ഭാര്യ മസിഹത്തിന്റെയും ഒന്നാം വിവാഹ വാര്‍ഷിക ദിനമായിരുന്ന കഴിഞ്ഞ ദിവസമാണു ഭക്ഷണം നല്‍കിയത്. ഈ സുദിനം കൊറോണ കാലത്തു തെരുവില്‍ കഴിയുന്നവര്‍ക്കു അന്നം നല്കി കൊണ്ടാകാമെന്നു ഇവര്‍ തീരുമാനിക്കുകയായിരുന്നു. പെരിഞ്ഞനം മുതല്‍ ചെന്ത്രാപ്പിന്നി വരെ തെരുവില്‍ കഴിയുന്നവര്‍ക്കും ഇരിങ്ങാലക്കുടയിലെ തെരുവോരത്ത് കഴിയുന്നവര്‍ക്കും ചിക്കന്‍ ബിരിയാണിയാണു ഇവര്‍ വിളമ്പിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ബിരിയാണി വിളമ്പുവാന്‍ ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന കൂട്ടായ്മയ്ക്കു നേതൃത്വം നല്കുന്ന പി.എം. നൗഷാദ്, ഹരി ലോറ, അഷറഫ് എന്നിവരും ഉണ്ടായിരുന്നു.