വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗെയിംസ് ഫെസ്റ്റിവല്‍
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗെയിംസ് ഫെസ്റ്റിവല്‍ തുടങ്ങി. വിവിധ ഗെയിംസ് ഇനങ്ങളില്‍ കഴിവുള്ളവരെ കണ്ടെത്തി പരിശീലനം നല്കി വിവിധ മത്സരങ്ങള്‍ക്ക് ബ്ലോക്കുതല ടീമിനെ സജ്ജമാക്കലാണ് ഗെയിംസ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ഫുട്ബോള്‍, കബഡി, വോളിബോള്‍, വടംവലി തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. 15 ദിവസമാണ് പരിശീലനം. സ്പോര്‍ട്സ് കൗണ്‍സില്‍ അഗീകൃത പരിശീലകര്‍ ഓരോ ഇനത്തിലും 20 മുതല്‍ 25 വരെയുള്ള ക്യാമ്പ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പാല്, മുട്ട ഉള്‍പ്പെടെയുള്ള പോഷകാഹാരവും ജഴ്സി, ബോള്‍, നെറ്റ് എന്നിവയും നല്‍കും. ഗെയിംസ് ഫെസ്റ്റിവല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. അസ്മാബി ലത്തീഫ്, ദിവ്യ കുഞ്ഞുണ്ണി, കിരണ്‍ രാജന്, ബിനു ജി. കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.