മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍

സെന്റ് തോമസ് കത്തീഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ (എകെസിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ബേസിക് പെരുമ്പാവൂരിന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ട്രോഫി സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ (എകെസിസി) നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഓര്‍ബിറ്റ് പഞ്ചവടി മലപ്പുറത്തിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബേസിക് പെരുമ്പാവൂര്‍ വിജയിച്ചു. മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായതിനെ തുടര്‍ന്ന് പെനാള്‍ട്ടി ഷൂട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.
വിജയികള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് മുഖ്യാതിഥിയായിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരം എന്‍.കെ. ഇട്ടി മാത്യു, ആവന്തി ഗ്രൂപ്പ് പുനെ എംഡി ഡേവിസ് ആന്റണി, ഇന്റര്‍നാഷണല്‍ ഷിപ്പ് സപ്ലൈ അസോസിയേഷന് (ഐഎസ്എസ്എ) ഇന്ത്യന്‍ പ്രതിനിധിയായ ഗ്ലോബല്‍ മറൈന്‍ സപ്ലൈ കമ്പനി എം.ഡി. അജയ് ജോസഫ് എന്നിവരെ ആദരിച്ചു.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി ആദരണ പ്രസംഗം നടത്തി. സ്വാഗത സംഘം ചെയര്മാന് പി.ടി. ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ഷാജു കണ്ടംകുളത്തി, ജോ. കണ്‍വീനര്‍മാരായ ഷാജു പാറേക്കാടന്‍, വര്‍ഗീസ് ജോണ്‍, ജോബി അക്കരക്കാരന്‍, എകെസിസി ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍ വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.