കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
കരുവന്നൂരില്‍ പച്ചതേങ്ങ സംഭരണ നടപടികള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കേരമേഖലയിലെ കൃഷി സംരക്ഷണത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ഉയര്‍ന്ന സംഭരണവില നല്കി നാളികേരം സംഭരിക്കാനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ്, കേരഫെഡ്, വിഎഫ്പിസികെ മൈത്രി ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവര്‍ സംയുക്തമായി ആരംഭിക്കുന്ന പച്ചതേങ്ങ സംഭരണത്തിന്റെ ഉദ്ഘാടനം കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക സമിതി അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തില്‍ കൃഷിക്കുളള പ്രാധാന്യം കണക്കിലെടുത്താണ് വര്‍ണ്ണക്കുട എന്ന പദ്ധതിക്ക് രൂപം നല്‍കിയതെന്നും അടുത്ത ഘട്ടത്തില്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലേക്ക് കടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മൈത്രി ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് കെ.സി. ജെയിംസ് അധ്യക്ഷനായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി പദ്ധതി വിശദീകരിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, കൗണ്‍സിലര്‍ കെ. പ്രവീണ്‍, വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ, കേരഫെഡ് ജില്ലാ മാനേജര്‍ എം. ആര്. കൃഷ്ണകുമാര്‍, കൃഷി ഓഫീസര്‍ ആന്‍സി, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ കെ.യു. ബബിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജര്‍ അരുണ്‍കുമാര്‍ സ്വാഗതവും എഫ്പിസി ഡയറക്ടര്‍ പി.കെ. ദാസന് നന്ദിയും പറഞ്ഞു.