ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിരുന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ പുറകില്‍ ആകുമായിരുന്നു: മന്ത്രി
വടക്കുംകര ഗവ. യുപി സ്കൂള്‍ കെട്ടിടം ഹൈടെക്കായി നാടിനു സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കോവിഡിന്റെ സാഹചര്യത്തില്‍ ജൂണ്‍ ഒന്നു മുതല്‍ തന്നെ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചില്ലായിരുന്നെങ്കില്‍ അക്കാദമിക് രംഗത്ത് വിദ്യാര്‍ഥികള്‍ ഏറെ പുറകില്‍ ആകുമായിരുന്നുവെന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പൂമംഗലം പഞ്ചായത്തിലെ വടക്കുംകര ഗവ. യുപി സ്കൂളില്‍ പുനര്‍നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോവിഡ് സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതുവരെ ഡിജിറ്റല്‍ പഠനം തുടരുമെന്നും പൊതുവിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെട്ടതാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രഫ. കെ.യു. അരുണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. 111 വര്‍ഷം പിന്നിട്ട വടക്കുംകര ഗവ. യുപി സ്കൂളിലെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളാണു പൂര്‍ത്തിയായത്. 1909 ല്‍ സര്‍ക്കാര്‍ മലയാളം സ്കൂള്‍ എന്ന പേരില്‍ ആരംഭിച്ച വടക്കുംകര സ്കൂളിനെ 1990 ലാണു യുപി സ്കൂളായി ഉയര്‍ത്തിയത്. 2016-17 വര്‍ഷം വരെ അടച്ചു പൂട്ടല്‍ ഭീഷണിയിലായിരുന്ന സ്കൂളില്‍ 50 ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണു ഉണ്ടായിരുന്നത്. തുടര്‍ വര്‍ഷങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ എണ്ണം 130 ആയി വര്‍ധിച്ചു. ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക് രംഗത്തും സ്കൂള്‍ വളരെയേറെ മുന്നേറി. 2017-18 അധ്യയന വര്‍ഷം ജില്ലയിലെ മികച്ച യുപി സ്കൂളായി തൃശൂര്‍ ഡയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെട്ട കുട്ടികളുടെ ആര്‍ട് ഗാലറി കഴിഞ്ഞ വര്‍ഷം സ്കൂളില്‍ ആരംഭിച്ചു. ക്ലാസ് ലൈബ്രറികള്‍, സയന്‍സ് പാര്‍ക്ക്, സയന്‍സ് ലാബ്, ശലഭോദ്യാനം എന്നിവയും ഇക്കാലയളവില്‍ സ്കൂളില്‍ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്ന സ്കൂളിലൊന്നാണു ഇത്. ആദ്യഘട്ടത്തില്‍ ലോകബാങ്കിന്റെ അധിക ധനസഹായത്തില്‍ നിന്നു ലഭിച്ച 65 ലക്ഷം രൂപ ഉപയോഗിച്ചു നാലു ഹൈടെക് ക്ലാസ് മുറികളും ഓഫീസ് മുറിയും നിര്‍മിച്ചു. രണ്ടാം ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്ലാന്‍ ഫണ്ടില്‍ നിന്നു അനുവദിച്ച 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും പഞ്ചായത്തിന്റെ രണ്ടു ലക്ഷം രൂപയും ഉപയോഗിച്ച് അഞ്ചു ഹൈടെക് ക്ലാസ് മുറികളും കോണ്‍ഫറന്‍സ് ഹാളും പൂര്‍ത്തീകരിക്കുകയായിരുന്നു.