മൂര്‍ക്കനാട് സേവ്യറിന്റെ ഓര്‍മ്മകളില്‍ മാധ്യമ പ്രവര്‍ത്തകരും സുഹൃത്തുക്കളും
ഇരിങ്ങാലക്കുട: പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ മികച്ച മാതൃകകളില്‍ ഒന്നായിരുന്ന ഇരിങ്ങാലക്കുട പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റും ദീര്‍ഘകാലം മാത്യഭൂമി ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യറിന്റെ ഓര്‍മ്മകളില്‍ മാധ്യമ പ്രവര്‍ത്തകരും സംസ്കാരിക പ്രവര്‍ത്തകരും. മൂര്‍ക്കനാട് സേവ്യറിന്റെ പതിനാറാം ചരമ വാര്‍ഷികദിനത്തില്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയും മൂര്‍ക്കനാട് സേവ്യറിന്റെ സുഹൃത്തുക്കളും സംയുക്തമായി പ്രിയ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് കൂടിയാട്ട കുലപതി വേണുജി ഉദ്ഘാടനം ചെയ്തു. നല്ല സുഹ്യത്തും നല്ല പത്രപ്രവര്‍ത്തകനുമായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് കൂടിയാട്ടത്തെയും 82ല്‍ ആരംഭിച്ച കൂടിയാട്ട മഹോത്സവത്തെയും പ്രോത്സാഹിപ്പിക്കാന്‍ മൂര്‍ക്കനാട് സേവ്യര്‍ നടത്തിയ ഇടപെടലുകള്‍ അനുസ്മരിച്ച് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത വേണുജി ചൂണ്ടിക്കാട്ടി. അസോസിയേഷന് മേഖലാ പ്രസിഡന്റ് മൂലയില്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. മാത്യഭൂമി സ്റ്റഡി സര്‍ക്കിള്‍ വഴി നിരവധി പ്രതിഭകളെ കണ്ടെത്താനും ക്രൈസ്റ്റ്, സെന്റ് ജോസഫ്സ്, ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം എന്നീ സ്ഥാപനങ്ങളുടെ ആരംഭകാലത്ത് അര്‍ഹിക്കുന്ന പ്രാധാന്യം നല്കാന് തന്റെ പത്രത്താളുകള്‍ കൃത്യമായി വിനിയോഗിക്കാന്‍ മൂര്‍ക്കനാട് സേവ്യറിന് കഴിഞ്ഞിരുന്നതായി മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണനും വാര്‍ത്തകളുടെ ആധികാരികത ഉറപ്പു വരുത്തുന്നതില്‍ ശ്രദ്ധപുലര്‍ത്താന്‍ മൂര്‍ക്കനാട് സേവ്യര്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് അധ്യാപക അവാര്‍ഡ് ജേതാവ് പി. കെ. ഭരതന് മാസ്റ്ററും നാടിന്റെയും വ്യക്തികളുടെയും നന്മയില് ഊന്നിയുള്ള പത്രപ്രവര്‍ത്തനമായിരുന്നു സേവ്യര്‍ കാഴ്ച വച്ചിരുന്നതെന്ന് മുന്‍ എഇഒ ബാലകൃഷ്ണന് അഞ്ചത്തും അനുസ്മരണ പ്രഭാഷണങ്ങളില്‍ ചൂണ്ടിക്കാട്ടി. മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളക്കുട്ടി, നഗരസഭ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍ മാധ്യമ പ്രവര്‍ത്തകരായ ജോസ് മാമ്പിളളി, ബെന്നറ്റ് തൗണ്ടാശ്ശേരി, വര്ധനന് പുളിക്കല്‍, കെ.എസ്. ശ്രീജ എന്നിവര്‍ സംസാരിച്ചു. സംഘാടകരായ എ.സി. സുരേഷ് സ്വാഗതവും കെ. ഹരി നന്ദിയും പറഞ്ഞു.