വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണമുറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍
ഇരിങ്ങാലക്കുട: വൃദ്ധമാതാവിന്റെയും കിടപ്പുരോഗിയായ മകന്റെയും സംരക്ഷണം ഉറപ്പാക്കി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലും സാമൂഹ്യനീതിവകുപ്പും. ഇരിങ്ങാലക്കുട മാപ്രാണത്ത് അഞ്ച് വര്‍ഷത്തോളമായി കഴിഞ്ഞുവന്നിരുന്ന വൃദ്ധമാതാവിന്റെയും, അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ മകന്റെയും ദുരവസ്ഥ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ആര്. ലേഖ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ആര്‍ഡിഓ എം.കെ. ഷാജി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍ സി. രാധാകൃഷ്ണന്, ഓര്‍ഫനേജ് കൗണ്‍സിലര്‍ ദിവ്യാ അബീഷ് എന്നിവര്‍ ഗൃഹസന്ദര്‍ശം നടത്തി റിപ്പോര്‍ട്ട് ആര്‍ഡിഓക്ക് നല്കി. പത്താഴക്കാട്ടില്‍ തങ്കമണി (72) മകന് ഷാജു (50) എന്നിവര്‍ മാപ്രാണത്ത് പി.ജെ. വില്‍സണ്‍ എന്നവരുടെ വീട്ടില്‍ അഞ്ച് വര്‍ഷക്കാലമായി കഴിഞ്ഞുവരികയായിരുന്നു. വാടകയ്ക്ക് താമസിക്കാന്‍ എത്തിയ ഇവര്‍ക്ക് വാടക നല്കാന് സാധിക്കാത്ത സാഹചര്യത്തില്‍ ഇവരെ സൗജന്യമായി താമസിപ്പിച്ചിരുന്നതും വേണ്ടുന്ന സഹായങ്ങള്‍ ചെയ്തു നല്കിയിരുന്നതും വീട്ടുടമ കൂടിയായ വില്സന് ആയിരുന്നു. അഞ്ചു വര്‍ഷം മുന്നേ വാഹനാപകടത്തില്‍പ്പെട്ടു തലക്ക് പരിക്കേറ്റ് കിടപ്പിലായ മകന് ഷാജുവിനെ വയോധികയായ അമ്മ തങ്കമണിയാണ് പരിചരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ തങ്കമണിക്ക് പക്ഷാഘാതം വന്നു കിടപ്പിലായതോടെ ഇവരുടെ ജീവിതം ദുസഹമായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്കമണിയെ മകള്‍ ഷീജ കൊടുങ്ങല്ലൂരുള്ള തന്റെ വീട്ടിലേക്ക് കൊണ്ട് പോയി. അതോടെ ഷാജു വീട്ടില്‍ ഒറ്റക്കായി. കിടപ്പിലായ അമ്മയെയും, സഹോദരന് ഷാജുവിനെയും ഒരുമിച്ചു പരിചരിക്കാന്‍ സഹോദരി ഷീജയുടെ അനാരോഗ്യവും ജീവിതസാഹചര്യങ്ങള്‍ കൊണ്ടുമാകാതെ വന്നപ്പോള്‍ നാട്ടുകാരുടെയും സുമനസുകളുടെയും കരുതലും സഹകരണവും കൊണ്ടാണ് ഈ വായോധികയും രോഗിയായ മകനും കഴിഞ്ഞു വന്നിരുന്നത്. വൃദ്ധമാതാവിന്റെയും, കിടപ്പിലായ മകന്റെയും സംരക്ഷണം ഉറപ്പാക്കാന്‍ ഇരിങ്ങാലക്കുട സേവാഭാരതി വാനപ്രസ്ഥാശ്രമത്തിലേക്ക് മറ്റുവാന്‍ ആര്‍ഡിഓ എം.കെ. ഷാജി ഉത്തരവ് നല്‍കുകയായിരുന്നു. സേവാഭാരതി ജനറല്‍ സെക്രട്ടറി പി.കെ. ഉണ്ണികൃഷണന്, സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രസിഡന്റ് പി. ഗോപിനാഥന്, അനീഷ് എന്നിവര്‍ ചേര്‍ന്നു ഷാജുവിനെ സേവാഭാരതി സംഗമേശ്വരവാനപ്രസ്ഥാ ശ്രമത്തിലേക്ക് പ്രവേശിപ്പിച്ചു.