മന്ത്രാങ്കം കൂത്തിന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കി കഥകളി ക്ലബ്
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാചികാഭിനയ സങ്കേതങ്ങളുടെ സംരക്ഷണത്തിന് യോജ്യമായ രീതിയില്‍ അരങ്ങുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാഗ്മിതം എന്ന പരിപാടിയ്ക്ക് തുടക്കം കുറിയ്ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി 25ന് വൈകീട്ട് അഞ്ചിന് അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മാര്‍ഗി സജീവ് നാരായണച്ചാക്യാരും സംഘവും മന്ത്രാങ്കം കൂത്ത് അവതരിപ്പിക്കും. കൂടിയാട്ടത്തിലെ വാചികാഭിനയത്തിന്റെ ശക്തമായ അവതരണമാണ് മന്ത്രാങ്കം. മലയാളസംസ്കൃത സാഹിത്ത്യത്തിലൂന്നിക്കൊണ്ട് ബൃഹത്കഥാപാരമ്പര്യത്തിലെ തത്ത്വചിന്താപരമായ കഥകളെ വളരെ സരസമായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് മന്ത്രാങ്കത്തിന്റെ പ്രത്യേകത. ഇരിങ്ങാലക്കുട കഥകളി ക്ലബ് ആദ്യമായിട്ടാണ് മന്ത്രാങ്കം കൂത്തിന് വേദിയൊരുക്കുന്നത്. ഇതോടനുബന്ധിച്ച് മന്ത്രാങ്കത്തിന്റെ പശ്ചാത്തലം, അവതരണരീതി, കഥാസന്ദര്‍ഭം, കഥാപാത്രപരിചയം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കും. കേരള സംസ്ഥാന കഥകളി പുരസ്കാരത്തിന് അര്‍ഹനായ കലാനിലയം രാഘവനാശാനേയും, ജീവനകലയുടെ കലാസാരഥി പുരസ്കാരം കരസ്ഥമാക്കിയ വേണുജിയേയും മങ്കൊമ്പ് ശിവശങ്കരപ്പിള്ള പുരസ്കാരം ലഭിച്ച കലാനിലയം ഉണ്ണികൃഷ്ണനേയും, കേരള കലാമണ്ഡലം അവാര്‍ഡ് നേടിയ കലാമണ്ഡലം ശിവദാസിനെയും വൈകീട്ട് നാലിന് ചേരുന്ന സമ്മേളനത്തില്‍ അനുമോദിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന് അനുമോദിക്കും. ക്ലബ് പ്രസിഡന്റ് അനിയന് മംഗലശേരി, അഡ്വ. രാജേഷ് തമ്പാന് എന്നിവര്‍ പങ്കെടുക്കുമെന്ന് കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് വൈസ് പ്രസിഡന്റ് എ.എസ്. സതീശന്, സെക്രട്ടറി രമേശന് നമ്പീശന്, ട്രഷറര്‍ പി.എന്‍. ശ്രീരാമന്, കമ്മിറ്റി അംഗം റഷീദ് കാറളം എന്നിവര്‍ അറിയിച്ചു.