വരള്‍ച്ച ഭീഷണി; ഇരിങ്ങാലക്കുട മേഖലയിലെ കോള്‍പ്പാടങ്ങളില്‍ കൃഷിയില്‍ വിതയ്ക്കല്‍ രീതി നിര്‍ദ്ദേശിച്ച് അധികൃതര്‍
അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍
ഇരിങ്ങാലക്കുട: വരള്‍ച്ചയും രൂക്ഷമായ ജലക്ഷാമവും കണക്കിലെടുത്ത് നടീല്‍ ഒഴിവാക്കി വിതയ്ക്കല്‍ സമ്പ്രദായത്തെ പിന്തുടരാനും കൃഷിക്കായി ഹ്രസ്വകാല വിത്തിനങ്ങളെ ആശയിക്കാനും ഇരിങ്ങാലക്കുട മേഖലയിലെ കോള്‍ കര്‍ഷകരുടെ യോഗത്തില്‍ തീരുമാനം. ചിമ്മിനി അടക്കമുള്ള ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ശതമാനം വെള്ളം കുറവാണെന്നും ലഭ്യമായ വെള്ളം കൃഷിക്കായി പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയ സാഹചര്യത്തിലാണ് നഗരസഭ അധികൃതരുടെ നേത്യത്വത്തില്‍ കൃഷി, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ മേഖലയിലെ 21 കോള്‍ പാടശേഖരങ്ങളില്‍ നിന്നുള്ള കര്‍ഷക പ്രതിനിധികളുടെ അടിയന്തര യോഗം ചേര്‍ന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ലഭിച്ച മഴ നിലവിലെവരള്ച്ചാ സാഹചര്യങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കൃഷി ഇറക്കേണ്ട രീതികളെ സംബന്ധിച്ച് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തടയിണകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വിത്തുകള്‍ നേരത്തെ തന്നെ ലഭ്യമാക്കണമെന്നും യോഗത്തില്‍ കര്‍ഷകരില്‍ നിന്ന് ആവശ്യമുയര്‍ന്നു. അതേ സമയം നടീല്‍ പ്രവര്‍ത്തികള്‍ പൂര്‍ണമായും ഒഴിവാക്കി കൊണ്ടുള്ള കൃഷിരീതി അവലംബിക്കാന്‍ കഴിയില്ലെന്ന് പാടശേഖര പ്രതിനിധികള്‍ പറഞ്ഞു. കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, ഇറിഗേഷന്‍ വകുപ്പ് എ.ഇ. ശാന്തിനി, കൃഷി ഓഫീസര്‍മാരായ എം.കെ. ഉണ്ണി, ആന്‍സി, കോള്‍ വികസന സമിതി ഉപദേശക സമിതി അംഗം മെഹ്ബുബ്, നഗരസഭ കൗണ്‍സിലറും പാടശേഖര പ്രതിനിധിയുമായ ടി.കെ. ജയാനന്ദന്, പി.എ. പോള്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. നഗരസഭ പരിധിയില്‍ 21 പാടശേഖരങ്ങളിലായി 55 ഏക്കറിലാണ് കൃഷിയുള്ളത്.