കെഎല്‍ഡിസി കനാല്‍, ഷണ്മുഖം കനാല്‍ സംയോജനം പദ്ധതി ബജറ്റില്‍ ഒതുങ്ങി യാഥാര്‍ഥ്യമായാല്‍ 250 ഹെക്ടര്‍ കോള്‍പ്പാടത്ത് വെള്ളക്ഷാമമുണ്ടാകില്ല
എടക്കുളം: ബജറ്റില്‍ ഉള്‍പ്പെട്ടിട്ടും കെഎല്‍ഡിസി കനാല്‍, ഷണ്മുഖം കനാല്‍ സംയോജനം വൈകുന്നു. 2021ലെ ബജറ്റിലാണ് രണ്ട് കനാലുകളുടെ സംയോജനത്തിനായി 20 കോടി പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും പദ്ധതിക്കായി യാതൊരു നടപടികളും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കര്‍ഷകര്‍ ഒരുപോലെ ആവശ്യപ്പെടുന്നതാണ് ഈ പദ്ധതി. ഇത് യാഥാര്‍ഥ്യമായാല്‍ ഇരുപഞ്ചായത്തുകളിലുമായി കിടക്കുന്ന 250 ഹെക്ടറോളം വരുന്ന കോള്‍പ്പാടശേഖരത്തില്‍ വെള്ളക്ഷാമമുണ്ടാകില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മാത്രമല്ല, പൂമംഗലം പഞ്ചായത്തില്‍ കരകൃഷി വികസനത്തിനായി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കാനും കഴിയും.
കെഎല്‍ഡിസി കനാലിനെ കമ്മട്ടിത്തോട് വഴി ഷണ്മുഖം കനാലുമായി ബന്ധിപ്പിച്ച് മുനിസിപ്പാലിറ്റിയില്‍നിന്നുള്ള മലിനജലം കലരാതെ കനാലിനെ ശുദ്ധജല റിസര്വോയറാക്കി മാറ്റണം. ഇതിനായി തടയണ കെട്ടണം. ഷണ്മുഖം കനാലില്‍നിന്ന് അവുണ്ടര് ചാലിലേക്ക് കടക്കുന്നിടത്തുള്ള സ്ലൂയിസിന്റെ അടുത്ത് ഒരു ചെക്ക് ഡാം കെട്ടി കനോലികനാലിലേക്ക് വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്തിയാല്‍ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാകുമെന്നും കര്‍ഷകര്‍ വിലയിരുത്തുന്നു. നേരത്തെ ഇരുപ്പൂ കൃഷി ചെയ്തിരുന്ന കിഴക്കെ പെരുവല്ലിപ്പാടത്ത് ഇപ്പോള്‍ ഒരുപൂ മാത്രമാണ് കൃഷി. മഴയെ ആശ്രയിച്ചാണ് ഇവിടെ കൃഷി. ചന്തക്കുന്ന് ഭാഗത്തുനിന്ന് സെയ്ന്റ് ജോസഫ്സ് കോളജിന് മുന്നിലൂടെ ഷണ്മുഖം കനാലിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളം സോള്വന്റിന് സമീപമുള്ള പാലത്തിന് താഴെ താത്കാലിക ബണ്ട് നിര്‍മിച്ച് തടഞ്ഞുനിര്‍ത്തിയാണ് ഓരോ വര്‍ഷവും കര്‍ഷകര്‍ കൃഷിയിറക്കുന്നത്.
കെഎല്‍ഡിസി കനാലില്‍നിന്ന് വരുന്ന വെള്ളം ഷണ്മുഖം കനാലിലേക്ക് എത്തിയാല്‍ കിഴക്കെ പെരുവല്ലിപ്പാടത്തുള്ള ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഷണ്മുഖം കനാലില്‍ ചെക്ക് ഡാം കെട്ടി അവുണ്ടര് ചാലിലേക്ക് വെള്ളം തിരിച്ചുവിട്ടാല്‍ ഇരുപ്പൂകൃഷി ചെയ്യാനും ഇടവിളയായി പച്ചക്കറികൃഷി ചെയ്യാനും സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച് നൂറുരൂപ ടോക്കണ്‍ വച്ചതല്ലാതെ കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടയില്‍ ഇതുവരേയും പദ്ധതി നടപ്പാക്കാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുമൂലം പദ്ധതിക്കാവശ്യമായ ഡിപിആര്‍ തയാറാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.