യുവപ്രതിഭകള്‍ക്കായി നവ്യം യൗവനത്തിന് കലൈയാട്ടം
ഇരിങ്ങാലക്കുട: കലാരംഗത്ത് പ്രതിബദ്ധതയുള്ള യുവപ്രതിഭകള്‍ക്കായി ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് നവ്യം യൗവനത്തിന് കലൈയാട്ടം എന്ന പേരില്‍ വൈവിധ്യമാര്‍ന്ന രംഗകലകളുടെ ത്രിദിന അരങ്ങ് സംഘടിപ്പിച്ചു. ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ നടന്ന നവ്യം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് മേധാവി ഐശ്വര്യ ദോഗ്ര ഉദ്ഘാടനംചെയ്തു. കലാമണ്ഡലം അക്ഷര, ഡോ. കണ്ണന് പരമേശ്വരന്, കാര്‍ത്ത്യായനി കനക്, ഉഷാ നങ്ങ്യാര്‍, ഷര്‍മിള ശിവകുമാര്‍, അശ്വതി ശ്രീകാന്ത്, മൂര്‍ക്കനാട് ദിനേശ് വാരിയര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, ഡോ. ജയന്തി ദേവരാജ്, ഡോ. അപര്‍ണാ നങ്ങ്യാര്‍, ശ്രീവിദ്യാ വര്‍മ, മീരാ നങ്ങ്യാര്‍ എന്നിവര്‍ വിവിധ പരിപാടികളിലായി പങ്കെടുത്തു. ആധുനിക കാലഘട്ടത്തില്‍ നൃത്തകല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കലാസപര്യയില്‍ പ്രയോക്താക്കള്‍ നേരിടുന്ന പ്രതിസന്ധികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് ശ്രീലക്ഷ്മി ഗോവര്ധനന്, ഷിജിത്ത് നമ്പ്യാര്‍, ഡോ. നീനാപ്രസാദ് എന്നിവര്‍ നേതൃത്വം നല്കി. മാളവികാ മേനോന്റെ മോഹിനിയാട്ടം, കലാമണ്ഡലം പൂജാ രതീഷിന്റെ കുച്ചിപ്പുഡി, ഭരത് നാരായണന്റെ സംഗീതക്കച്ചേരി, അഞ്ജു അരവിന്ദിന്റെ ഭരതനാട്യം, ശ്രീഹരി പനാവൂരും സംഘവും അവതരിപ്പിച്ച തായമ്പക എന്നിവയും നവ്യത്തെ നവ്യാനുഭവമാക്കി. കഥകളി ആചാര്യന് സദനം കൃഷ്ണന്‍കുട്ടി, കൂടിയാട്ടം കുലപതി വേണുജി എന്നിവര്‍ പുതിയ കലാകാരന്മാരുമായി സംവദിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന കൂടിയാട്ടം പുറപ്പാടില്‍ ശ്രീഹരി ചാക്യാര്‍ ശങ്കുകര്ണനായി വേഷമിട്ടു. രാവണോദ്ഭവം കഥകളിയില്‍ കലാമണ്ഡലം ആദിത്യന് രാവണനായും കലാമണ്ഡലം സായ് കാര്‍ത്തിക് കുംഭകര്‍ണനായും കലാമണ്ഡലം കൃഷ്ണദാസ് വിഭീഷണനായും വേഷമിട്ടു.