കരുവന്നൂര്‍ താമരവളയം ബണ്ട് കെട്ടല്‍: തീരുമാനം വൈകുന്നു ചിറകെട്ടാന്‍ വൈകിയാല്‍ 3000 ഏക്കര്‍ പാടത്ത് പ്രതിസന്ധി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയ്ക്ക് സമീപമുള്ള താമരവളയം ബണ്ട് കെട്ടുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു. ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയോജകമണ്ഡലങ്ങള്‍ക്ക് കീഴിലായി സ്ഥിതിചെയ്യുന്ന താമരവളയം ചിറയുടെ വടക്കെ അതിര് വല്ലച്ചിറ പഞ്ചായത്തും തെക്കേഭാഗം ഇരിങ്ങാലക്കുട നഗരസഭ രണ്ടാം ഡിവിഷനിലുമാണ്. കരുവന്നൂര്‍ പുഴയോട് ചേര്‍ന്നുള്ള താമരവളയം ചിറയില്‍ കണക്കന്‍കടവ് പാലത്തിന് പടിഞ്ഞാറുഭാഗത്തായിട്ടാണ് സ്ഥിരം സംവിധാനമായ ചീപ്പുചിറ സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ വര്‍ഷവും ചീപ്പുചിറയില്‍ പലകയും മണല്ചാക്കുകളുമിട്ട് ഇറിഗേഷന്‍ വകുപ്പ് ബണ്ട് കെട്ടുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞവര്‍ഷം ചീപ്പുചിറയില്‍ ബണ്ടുകെട്ടുന്നതിനെതിരെ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ബണ്ട് കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാകുന്നുവെന്നും പുഴയുടെ അരിക് ഇടിയുമെന്നും ആരോപിച്ചാണ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് ഈ വര്‍ഷം കുറച്ച് കിഴക്കുമാറിയാണ് ഇറിഗേഷന്‍ താത്കാലിക തടയണ നിര്‍മിച്ചത്.
എന്നാല്‍ കഴിഞ്ഞമഴയില്‍ ഇരുവശത്തുനിന്നും ശക്തിയായ വെള്ളം എത്തിയതോടെ ബണ്ട് തകരുകയും ഏക്കറുകണക്കിന് വരുന്ന കിഴക്കെ പുഞ്ചപ്പാടം പമ്പിംഗ് സ്കീം, കിഴക്കേ പുഞ്ചപ്പാടം തരിശ്, മുരിയാട് കായല്മേഖലയില്പ്പെട്ട തെക്കേപാടം, തളിയക്കോണം, കാറളം, ചെമ്മണ്ട മേഖലയിലെ പാടശേഖരങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിലാകുകയും ചെയ്തു. കരുവന്നൂര്‍ മേഖലയിലെ വാഴകൃഷിയേയും ഇത് ബാധിച്ചു. താത്കാലിക തടയണ കെട്ടിയ ഭാഗം ശരിയല്ലെന്നും സ്ഥിരം ചീപ്പുചിറ കെട്ടിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകുകയുള്ളൂവെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
താമരവളയം ചിറകെട്ടാന്‍ വൈകിയാല്‍ കാറളം ചെമ്മണ്ട മേഖലയില്‍പ്പെട്ട മൂവായിരത്തോളം ഏക്കര്‍ പാടത്തെ കൃഷി പ്രതിസന്ധിയിലാകുമെന്നും കര്‍ഷകര്‍ പറഞ്ഞു. മണല്‍ചാക്കുകളിട്ട് വെള്ളം പൂര്‍ണമായും തടഞ്ഞുനിര്‍ത്താതെ ചെറുതായി തുറന്നുവിട്ടും അരിക് ഇടിയുന്ന ഭാഗം സംരക്ഷണഭിത്തി കെട്ടിയും സ്ഥിരം സ്ഥലത്തുതന്നെ ചിറ കെട്ടുകയാണ് അഭികാമ്യമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.. ഇതിനായി രണ്ടരലക്ഷത്തോളം രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. അതിനുമുമ്പായി നഗരസഭയുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തരുമാനമെടുക്കണം.