ജില്ലാ ക്ഷീരകര്‍ഷക അവാര്‍ഡ്; മികച്ച യുവകര്‍ഷക അവാര്‍ഡ് അഖില്‍ ചന്ദ്രന്
ഇരിങ്ങാലക്കുട: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഫാം ആരംഭിച്ച മുരിയാട് സ്വദേശി അഖിലിന് ഈ വര്‍ഷത്തെ ജില്ലാ ക്ഷീരകര്‍ഷകനുള്ള യുവ അവാര്‍ഡ്. ബാല്യത്തില്‍ വിട്ടിലെ പശുക്കളോടു തോന്നിയിരുന്ന സ്നേഹമാണ് അഖില്‍ ചന്ദ്രനെ ക്ഷീരമേഖലയിലേക്ക് എത്തിച്ചത്. ജില്ലയിലെ മികച്ച യുവ ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത മുരിയാട് കൊല്ലപറമ്പില്‍ അഖില്‍ ചന്ദ്രന് മൂന്നുവര്‍ഷം മുമ്പാണ് ഈ മേഖലയിലേക്കെത്തിയത്. പ്രവാസിയായിരുന്ന അഖില്‍ നാട്ടിലെത്തിയ സമയത്താണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമാകെ അടച്ചിട്ടത്. പിന്നീട് വിദേശത്തേയ്ക്ക് പോകാനായില്ല. ഇനിയെന്ത് എന്ന് ചിന്തിച്ചപ്പോഴാണ് ഫാം എന്ന ആശയത്തിലെത്തിയത്. വീട്ടുവളപ്പില്‍തന്നെ തൊഴുത്തുണ്ടാക്കി. ഇപ്പോള്‍ പത്ത് പശുക്കളാണുള്ളത്. പഞ്ചായത്തില്‍നിന്നു അനുമതികള്‍ ലഭിച്ചാല്‍ അമ്പതും പിന്നീട് നൂറുമായി പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. അതിനുള്ള പദ്ധതികള്‍ തയാറാക്കികൊണ്ടിരിക്കുകയാണിപ്പോള്. ഒപ്പം മൂല്യവര്‍ധിത പാലുത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നു. ഇക്കാര്യത്തില്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് വിശ്വാസം. നിലവില്‍ പ്രതിദിനമുള്ള നൂറുലിറ്ററിലേറെ പാലും ക്ഷീര സംഘത്തിലാണ് അളക്കുന്നത്. സഹായത്തിന് ആളുണ്ടെങ്കിലും അഖില്‍ ചന്ദ്രന് തന്നെയാണ് പശുക്കളുടെ പരിപാലനം. ഭാര്യ അശ്വതിയും ഒപ്പമുണ്ടാകും. ഏക മകള്‍ ആദ്യ യുകെജിയില്‍ പഠിക്കുന്നു. പുതിയ പദ്ധതികള്‍ യാഥ്യാര്ഥമാക്കി കുറച്ചുപേര്‍ക്ക് തൊഴില്‍ നല്കാന് കഴിയുമെന്നാണ് അഖിലിന്റെ സ്വപ്നം.