സുഭാഷ് ചന്ദ്ര ബോസിന്റെ സന്തത സഹചാരിയായിരുന്ന ജോസഫ് ഊക്കന്റെ വസതി സന്ദര്‍ശിച്ച് സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണ്ണായക അധ്യായമായ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐഎന്‍എ) സുഭാഷ് ചന്ദ്ര ബോസിന്റെ സന്തത സഹചാരിയായിരുന്ന പരേതനായ ജോസഫ് ഊക്കന്റെ കല്പറമ്പിലുള്ള വസതി തൃശൂര്‍ ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിസന്ദര്ശിച്ചു. നേതാജിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും പ്രൊപ്പഗണ്ടാ വിഭാഗം ഉദ്യോഗസ്ഥനുമായിരുന്നു അദ്ദേഹം. നേതാജിയുടെ ഓഫീസിലേക്ക് മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ കയറി ചെല്ലാന്‍ വരെ അധികാരം ഉണ്ടായിരുന്ന ജോസഫ് ഊക്കന്റെ വസതി സന്ദര്‍ശനം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ നിര്‍ണ്ണായകമായാണ് നാട്ടുകാര്‍ നോക്കിക്കാണുന്നത്. കല്‍പ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി സന്ദര്‍ശിച്ചതിനുശേഷമാണ് സുരേഷ് ഗോപി ജോസഫ് ഊക്കന്റെ വസതിയില്‍ എത്തിയത്.
ജോസഫ് ഊക്കന്റെ മകന് ചെറിയാന് ജോസഫ് ഊക്കന്‍ സുരേഷ് ഗോപിക്ക് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. തുടര്‍ന്ന് ജോസഫ് ഊക്കന്റെ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം സുരേഷ് ഗോപി വീട്ടുകാരുമായി സൗഹൃദം പങ്കിട്ടു. കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജോസഫ് ഊക്കന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമായിരുന്നു സുരേഷ് ഗോപിയുടെ പ്രഭാത ഭക്ഷണം. ബിജെപി ആളൂര്‍ മണ്ഡലം പ്രസിഡന്റ് സുബീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിപിന്‍ പാറമേക്കാട്ടില്‍, എ.വി. രാജേഷ്, ജില്ലാ സെക്രട്ടറി ലോചനന്‍ അമ്പാട്ട് എന്നിവരും സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.