ക്ഷേത്രങ്ങളില്‍ മോഷണം; പണം നഷ്ടപ്പെട്ടു

മോഷണംനടന്ന ക്ഷേത്രത്തില്‍ പോലീസ് പരിശോധന നടത്തുന്നു.
ഇരിങ്ങാലക്കുട: കാറളം, കാട്ടൂര്‍ പഞ്ചായത്തുകളിലെ ക്ഷേത്രങ്ങളില്‍ മോഷണം. കാറളം പഞ്ചായത്തില്‍ താണിശേരി അക്കീരംകണ്ടത്ത് ശ്രീകൃഷ്ണക്ഷേത്രത്തിലാണ് മോഷണംനടന്നത്. മുന്‍വശത്തെ ഭണ്ഡാരവും പടിഞ്ഞാറെ നടയിലെ രണ്ട് ഭണ്ഡാരങ്ങളും നടപ്പന്തലിലെ മേശയുടെ ലോക്കും കുത്തിപ്പൊളിച്ചിട്ടുണ്ട്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയ ഭക്തജനങ്ങളാണ് മോഷണം നടന്നതായി കണ്ടത്. മേശവലിപ്പിലെ പണമടക്കം 15,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വെള്ളാനി – താണിശേരി എന്‍എസ്എസ് കരയോഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ഷേത്രഭരണം നടത്തുന്നത്.
ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നടക്കുന്ന നിര്‍മാണ ജോലികള്‍ക്കായി ഉപയോഗിക്കുന്ന പണി ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഭണ്ഡാരങ്ങള്‍ പൊളിച്ചിട്ടുള്ളത്. ഇവയില്‍ ചിലത് ഭണ്ഡാരങ്ങള്ക്കടുത്ത് കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാട്ടൂര്‍ പൊഞ്ഞനം ക്ഷേത്രത്തില്‍ ഓഫീസ് മുറിയുടെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ മേശ കുത്തിപ്പൊളിച്ച് എഴായിരത്തോളംരൂപ കവര്‍ന്നതായി ക്ഷേത്രം ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു.