പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും നൂതന മത്സരവുമായി വേളൂക്കര പഞ്ചായത്ത്
ഇരിങ്ങാലക്കുട: പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കുന്നതിനും സ്പോര്‍ട്സ് മോസ് ക്വിറ്റ് എന്ന പേരില്‍ നൂതന മത്സരവുമായി വേളൂക്കര പഞ്ചായത്ത്. ജപ്പാനില്‍ പാഴ്വസ്തുക്കള് പെറുക്കിമാറ്റുന്ന മത്സരത്തിന്റെ മാതൃകയിലാണ് മത്സരം രൂപപ്പെടുത്തിയത്. പുതുക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് എന്ന സംഘടനയാണ് ആശയം മുന്നോട്ടുവച്ചത്. വേളൂക്കര കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്ത്തകരത് ഏറ്റെടുക്കുകയായിരുന്നു.
25 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് മത്സരം. രണ്ടോ, മൂന്നോ അംഗങ്ങള്ളുള്ള ഒരു ടീം ചുരുങ്ങിയത് 25 വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി വീട്ടുകാരുടെ സഹായത്തോടുകൂടി നശിപ്പിക്കുന്നു. സന്ദര്‍ശിക്കുന്ന വീടുകളുടെ എണ്ണം, കണ്ടെത്തി നശിപ്പിക്കുന്ന ഉറവിടങ്ങളുടെ എണ്ണം എന്നിവയ്ക്കനുസരിച്ച് ടീമുകള്‍ക്ക് സ്കോര്‍ നല്‍കും. വേളൂക്കര ഗ്രാമപഞ്ചായത്തില്‍ താമസിക്കുകയോ, പഠിക്കുകയോ ചെയ്യുന്ന 10 വയസിനു മുകളിലുള്ള ആര്‍ക്കുംതന്നെ മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തിന് 24 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
വാര്‍ഡ് മെമ്പര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍വഴി നേരിട്ടോ, പ്രത്യേകം തയാറാക്കിയ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈന്‍ ആയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക പരിശീലനം നല്‍കും. വേളൂക്കര പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി നടക്കുന്ന മത്സരത്തില്‍, വാര്‍ഡ് തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് 1000, 500 എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന ടീമിന് 5000 രൂപയും ട്രോഫിയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 3000 രൂപയും നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.യു. രാജേഷ്, സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ഷാജു ജോര്‍ജ് എന്നിവര്‍ അറിയിച്ചു.