അയ്യങ്കാളി സ്ക്വയര്‍ സ്ഥാപിച്ച് പികെഎസ് പ്രതിഷേധം
ഇരിങ്ങാലക്കുട: നഗരസഭയുടെ പട്ടികജാതി ജനവിഭാഗങ്ങളോടുള്ള അവഗണനയ്ക്കും വാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരെ ടൗണ്‍ ഹാള്‍ പരിസരത്ത് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക അയ്യങ്കാളി സ്ക്വയര്‍ സ്ഥാപിച്ചു. ടൗണ്‍ ഹാള്‍ പരിസരത്ത് അയ്യങ്കാളി സ്ക്വയര്‍ സ്ഥാപിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കലാവധി കഴിയാറായിട്ടും നടപ്പാക്കിയിട്ടില്ല. ചാത്തന് മാസ്റ്റര്‍ ഹാള്‍, പട്ടികജാതി വികസന കേന്ദ്രം, പട്ടികജാതി വനിത വ്യവസായ കേന്ദ്രം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കാത്ത നിലയിലാണ്. പട്ടികജാതി മേഖലയില്‍ പുതിയ പദ്ധതികള്‍ ഒന്നും നടപ്പിലാക്കാത്ത നഗരസഭ ഭരണാധികാരികളുടെ കെടുകാര്യസ്ഥത മൂലം കഴിഞ്ഞ വര്‍ഷം മാത്രം 2.80 കോടി രൂപയോളമാണു പട്ടികജാതി ഫണ്ട് നഷ്ടപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. യുഡിഎഫ് നഗരസഭാ ഭരണാധികാരികളുടെ ഈ വഞ്ചനാപരമായ നിലപാടിനെതിരായാണു പികെഎസ് സമരം സംഘടിപ്പിച്ചത്. സമരം പികെഎസ് ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത് ഉദ്ഘാടനം ചെയ്തു. പി.വി. ശിവകുമാര്‍, കെ.പി. ജോര്‍ജ്, എ.വി. ഷൈന്‍, മീനാക്ഷി ജോഷി, പി.കെ. മനുമോഹന്‍, വി.സി. മണി, കെ.കെ. രത്നാകരന്, കെ.വി. അംബിക എന്നിവര്‍ പ്രസംഗിച്ചു.