കൂടല്‍മാണിക്യത്തില്‍ ഇനി പാഠകം അവതരിപ്പിക്കാന്‍ നന്ദകുമാര്‍ രാജയില്ല………
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പാഠകമവതരിപ്പിക്കാന് കൊടുങ്ങല്ലൂര്‍ കുഞ്ഞുകുട്ടന് തമ്പുരാന്റെ അനന്തരവന് നന്ദകുമാര്‍ രാജ ഇനിയുണ്ടാവില്ല. പ്രമുഖ പാഠകം അവതാരകന് കൊടുങ്ങല്ലൂര്‍ പുത്തന്‍കോവിലകം നന്ദകുമാര്‍രാജ (71) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണു ഹൃദയാഘാതത്തെ തുടര്‍ന്ന് നന്ദകുമാര്‍ രാജ മരിച്ചത്. പരേതരായ മാവലശേരി നാരായണന് നമ്പൂതിരിയുടെയും പുത്തന്‍കോവിലകം കുഞ്ചിക്കുട്ടി തമ്പുരാട്ടിയുടെയും മകനാണ്. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ക്ഷേത്രകലകളായ പാഠകം, ചാക്യാര്‍കൂത്ത്, അക്ഷരശ്ലോകം എന്നിവയിലും ജ്യോതിഷത്തിലും വിദഗ്ധനായിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടപ്പുരയില്‍ കത്തിച്ചു വെച്ച കല്‍വിളക്കിനു മുമ്പില്‍ വൈകീട്ട് ആറു മുതല്‍ ഏഴു വരെയാണ് പാഠകം അവതരണം നടക്കുക. കൊടിപുറത്ത് വിളക്ക് ദിവസം മുതല്‍ വലിയവിളക്ക് ദിവസംവരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന അനുഷ്ഠാന കലകളിലൊന്നാണ് പാഠകം. പുരാണകഥകളെ അടിസ്ഥാനമാക്കിയാണ് പാഠകം അവതരിപ്പിക്കുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും പുരാണകഥകളായ ദോരണയുദ്ധം, അംഗതദൂത്, കിരാതം, പാത്രചരിതം എന്നീ കഥകളാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. കൊടുങ്ങല്ലൂര്‍ ശൃംഗപുരം ശിവക്ഷേത്രത്തില്‍ കുട്ടിക്കാലം മുതല്‍ എല്ലാ വര്‍ഷവും കൂത്ത് കാണുക പതിവായിരുന്നു. ഇതില്‍ നിന്നാണ് പാഠകം അവതരിപ്പിക്കുവാന്‍ പഠിച്ചത്. മനസുകൊണ്ട് ഗുരുനാഥനായി സ്വീകരിച്ചിരിക്കുന്നത് കൂടിയാട്ടകുലപതി അമ്മന്നൂര്‍ മാധവചാക്യാരെയാണ്. പറമ്പികുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലാണ് ആദ്യമായി പാഠകം അവതരിപ്പിച്ചതും അവിടെനിന്നാണ് പാഠകാവതരണരംഗത്തേക്കുള്ള പ്രവേശനം ഉണ്ടായതും. 1984 മുതല്‍ നിരവധി ക്ഷേത്രങ്ങളില്‍ പാഠകം അവതരിപ്പിക്കാറുണ്ടെങ്കിലും 2004 മുതലുള്ള ക്ഷേത്രോത്സവത്തിലാണ് കൂടല്‍മാണിക്യത്തില്‍ പാഠകം അവതരിപ്പിച്ച് തുടങ്ങിയത്. ദീര്‍ഘകാലം ശൃംഗപുരം ശിവക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പന്തളം കൊട്ടാരത്തിലെ സുജാത. മകന്: ഗോപീകൃഷ്ണന് (ഇന്‍ഫോ പാര്‍ക്ക്, കാക്കനാട്). മരുമകള്‍: എഴുമാറ്റൂര്‍ ചങ്ങഴശേരി കോവിലകം ദീപശ്രീ (എസ്സിഎംഎസ് എന്‍ജിനിയറിംഗ് കോളജ്, കറുകുറ്റി).