കുടിവെള്ള മലിനീകരണം, സമരം ശക്തമാകുന്നു, നാളെ കൂട്ട ഉപവാസം, വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്

കാട്ടൂര്‍ മിനി എസ്റ്റേറ്റിനു മുന്നില്‍ ഇന്നലെ നടന്ന റിലേ നിരാഹാര സമരം.
കാട്ടൂര്‍: കാട്ടൂര്‍ മിനി എസ്റ്റേറ്റില്‍നിന്നുള്ള രാസമാലിന്യം മൂലം കിണര്‍ വെള്ളം മലിനമാകുന്നതിനെതിരെ സമരം ശക്തം. സമരത്തിന് പിന്തുണയുമായി നിരവധി രാഷ്ട്രീയ സംഘടനകളും സാമുദായിക സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. നാളെ സമീപവാസികളെല്ലാം ചേര്‍ന്ന് കമ്പനിക്കു മുന്നിലെ സമരപന്തലില്‍ കൂട്ടനിരാഹാരമിരിക്കും. തുടര്‍ന്ന് സമരം പഞ്ചായത്താഫീസിനു മുന്നിലേക്ക് വ്യാപിപ്പിക്കും. വെള്ളിയാഴ്ച കാട്ടൂര്‍ പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കും. കാട്ടൂര്‍ സ്കൂള്‍ പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.
റിലേ നിരാഹാരമിരിക്കുന്ന ജനകീയ കുടിവെള്ള സംരക്ഷണവേദിക്ക് പിന്തുണയുമായി കോണ്‍ഗ്രസും ബിജെപിയും സമരപ്പന്തലിലെത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്, ജനറല്‍ സെക്രട്ടറി വി.സി. രമേഷ്, നഗരസഭാ കൗണ്‍സിലര്‍ വിജയകുമാരി അനിലന്‍ എന്നിവരാണ് സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അബ്ദുള്‍ മുത്തലിഫ്, എടക്കാട്ടുപറമ്പില്‍, രാജേഷ് കാട്ടൂര്‍ വടക്കുമുറി, ചരുവില്‍ ഷൈന്‍, സാബു ആലുക്കാ എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്
സിപിഎം സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നു, സിപിഐ സമരമുഖത്ത് സജീവം
നിര്‍ദേശങ്ങള്‍ അവഗണിച്ചും സിപിഎം അണികള്‍ സമരരംഗത്ത്
കാട്ടൂര്‍: കാട്ടൂര്‍ പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫ് മുന്നണി. എന്നാല്‍ മുന്നണിയിലെ സിപിഎം സമരത്തില്‍ നിന്നും വിട്ടുനില്ക്കുമ്പോള് ഘടക കക്ഷിയായ സിപിഐ സമരരംഗത്ത് സജീവമാണ്. കുടിവെള്ള വിഷയത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നാണ് സിപിഐ നല്കുന്ന വിശദീകരണം. കുടിവെള്ള പ്രശ്നം ബാധിക്കുന്ന നാലു വാര്‍ഡുകളില്‍ ആറാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎം അംഗം വി.എം. കമറുദീനാണ്.
നാലാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് സിപിഎം അംഗം മുന്‍ പഞ്ചായത്ത് പ്രസിഡന്റായ ഷീജ പവിത്രനാണ്. ഏഴാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത് സിപിഎം അംഗം ജയശ്രീയാണ്. സിപിഎം സമരത്തില്‍ നിന്നും വിട്ടു നില്ക്കുമ്പോള് അഞ്ചാം ദിവസത്ത സമരം ഉദ്ഘാടനം ചെയ്തത് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് കാട്ടൂര്‍ മേഖല പ്രസിഡന്റ് എന.ഡി. ധനേഷായിരുന്നു.
കഴിഞ്ഞ ദിവസം നിരാഹാരമിരുന്നവരില് എഐവൈഎഫ് ജോയിന്റ് സെക്രട്ടറി സാബു പോളായിരുന്നു. എല്‍ഡിഎഫ് നേതൃത്വ യോഗങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്താല്‍ സിപിഎം ന്റെ നിലപാടിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടാണ് സിപിഐയുടേത്. നേതൃത്വത്തിന്റെ നിര്‍ദേശങ്ങളെ മറികടന്നാണ് പല സിപിഎം അംഗങ്ങളും സമരത്തില്‍ പങ്കെടുത്തത്. മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസം നടന്ന മനുഷ്യചങ്ങലയില്‍ പങ്കെടുത്തിരുന്നു.
ഇത് ജീവന് മരണ പോരാട്ടമാണ്, ജീവന്റെ നിലനില്പിനുള്ള പോരാട്ടം, അരുണ്‍ വന്‍പറമ്പില്‍ (ജനകീയ കുടിവെള്ള സംരക്ഷണവേദി പ്രസിഡന്റ്)
കുടിവെള്ള വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതു വരെ സമരം തുടരും. പ്രദേശവാസികളായ ഞങ്ങള്‍ പാര്‍ട്ടിയോ മതമോ ഒന്നും നോക്കുന്നില്ല. ജീവന് നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള പോരാട്ടമാണിത്. ഇപ്പോള്‍ ഈ പോരാട്ടം നടത്തിയില്ലെങ്കില്‍ വരുംതലമുറ ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടിവരും. ഒരു വിഭാഗം ഈ സമരത്തോട് മുഖം തിരിഞ്ഞുനില്ക്കുന്നത് മാനസികമായി വിഷമമുണ്ടാക്കുന്നുണ്ട്. എങ്കിലും നാളെകളില്‍ ഈ സമരം എന്തിനാണെന്ന് അവര്‍ തിരിച്ചറിഞ്ഞ് ഞങ്ങള്‍ക്കൊപ്പം അണിനരക്കും.

കുടിവെള്ള വിഷയം വൈകാരികമാണ്, മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തണം, ടി.വി. വിജീഷ് (സിപിഎം ലോക്കല്‍ സെക്രട്ടറി)
സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതുവരെ മാത്രം. ഉറവിടം കണ്ടെത്തിയാല്‍ ആ സ്ഥാപനങ്ങള്‍ക്കെതിരെ സമരമുഖത്ത് സിപിഎം ഉണ്ടാകും. കിണറുകളിലെ വെള്ളം പരിശോധിച്ചപ്പോള്‍ മാലിന്യം ഉണ്ടെന്നു വ്യക്തമായെങ്കിലും അത് സമീപത്തെ വ്യവസായ ശാലകളില്‍ നിന്നുള്ളതാണെന്ന് വ്യക്തമായിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്. അതിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കുകയാണ്.
