കാട്ടൂര്‍ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കി വേഗത്തില്‍ പരിഹരിക്കും: മന്ത്രി ഡോ. ആര്. ബിന്ദു

മന്ത്രി ഡോ. ആര് ബിന്ദു.
കാട്ടൂര്‍: മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നത്തില്‍ ജലപരിശോധന റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ നടത്തി വരികയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്.ബിന്ദു പറഞ്ഞു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ളം മലിനമായ സംഭവത്തെ തുടര്‍ന്ന് കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍ ജൂലൈ നാലിന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് അധികൃതരുമായി യോഗം ചേര്‍ന്നിരുന്നു.
യോഗത്തിന്റെ സുപ്രധാനമായ തീരുമാനം എന്ന നിലയില്‍ മന്ത്രി ആര്. ബിന്ദുവിന്റെ നിര്‍ദേശ പ്രകാരം തൃസൂര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റെ് ഡയറക്ടര്‍,കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,കാട്ടൂര്‍ പഞ്ചായത്ത് സെക്രട്ടറി, ജില്ല വ്യവസായ വകുപ്പ്, ഭൂജല വകുപ്പ് തൃശൂര്‍, തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളജ്, സിഡബ്ല്യൂആര്‍ഡിഎം കോഴിക്കോട്, ജില്ല മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി), മാനേജര്‍ സിഡ്കോ ലിമിറ്റഡ്, ജില്ല സോയില്‍ സര്‍വ്വെ ഡിപാര്‍ട്ട്മെന്റെ് എന്നിവര്‍ ഉള്‍പ്പെട്ട 10 അംഗ സബ്കമ്മിറ്റി രൂപീകരിക്കുകയും തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റെ് ഡയറക്ടര്റുടെ അധ്യക്ഷതയില്‍ ജൂലൈ 10 ന് യോഗം ചേരുകയും ചെയ്തിരുന്നു.
കുടിവെള്ള സ്രോതസുകളിലെ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ തൃശൂര്‍ എൻജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.ജലപരിശോധന നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വേഗത്തില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കി കാട്ടൂര്‍ പഞ്ചായത്തില്‍ യോഗം ചേരുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു. പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗവും ഇന്നലെ (14.07.25) ചേര്‍ന്നിരുന്നു. പഞ്ചായത്ത് പ്രസിഡ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.