ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ കൊലപാതകം-വിചാരണ പൂര്‍ത്തിയായി
ഇരിങ്ങാലക്കുട: സഹോദരിയെ പുറകെ നടന്നു ശല്യം ചെയ്യുന്നതു ചോദിച്ചതിലുള്ള വിരോധത്താല്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ഓട്ടോറിക്ഷ പേട്ടയില്‍ വെച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ ചെറുപ്പക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ടു തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ പൂര്‍ത്തിയായി. മനവലശേരി വില്ലേജില്‍ കൊരുമ്പിശേരി ദേശത്ത് പുതുക്കാട്ടില്‍ വീട്ടില്‍ വേണുഗോപാല്‍ മകന് സുജിത്ത് (26) എന്ന ചെറുപ്പക്കാരന് കൊല്ലപ്പെട്ട കേസിലാണു ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായത്. 2018 ജനുവരി 28 നു വൈകീട്ട് ആറിനു ഇരിങ്ങാലക്കുടയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള മെയിന്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. ഇരിങ്ങാലക്കുടയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനടുത്തുള്ള മെയിന്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറും പടിയൂര്‍ സ്വദേശിയുമായ മിഥുന് (32) സുജിത്തിന്റെ ഇളയമ്മയുടെ മകളെ നിരന്തരം പുറകെ നടന്നു ശല്യം ചെയ്യുന്നതു ചോദിച്ചതിലുള്ള വിരോധം വെച്ച് ഓട്ടോഡ്രൈവറായ മിഥുന് തന്റെ ഓട്ടോറിക്ഷയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് സുജിത്തിന്റെ തലക്കടിക്കുകയും അടികൊണ്ടു താഴെ റോഡില്‍ വീണ സുജിത്തിന്റെ തലയിലും ശരീരത്തും മിഥുന് കാലു കൊണ്ടു ചവിട്ടുകയുമാണുണ്ടായത്. ഗുരുതര പരിക്കിനെ തുടര്‍ന്ന് സുജിത്ത് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. സംഭവത്തിനുശേഷം ഒളിവില്‍ പോകാന്‍ മിഥുനെ സഹായിച്ച ഓട്ടോഡ്രൈവറും പട്ടേപ്പാടം വാത്യാട്ട് വീട്ടില്‍ ലൈജു (32) എന്നയാളും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.കെ. സുരേഷ്കുമാറാണു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായ ഈ കേസില്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. പി.ജെ. ജോബിയാണ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നത്.