തരിശ് നിലത്തെ നെല്‍കൃഷി ജലസമൃദ്ധി നല്‍കും: വാക്സറിന്‍ പെരെപ്പാടന്‍
ഇരിങ്ങാലക്കുട: ഓരോ പാടശേഖരവും ഭൂമിയില്‍ നീര്‍ച്ചാലുകള്‍ ഉണ്ടാക്കുന്നതിനാല്‍ തരിശ് നിലത്തെ നെല്‍കൃഷി ജലസമൃദ്ധി നല്‍കുമെന്ന് ഹരിത രാഷ്ട്രീയ വക്താവ് വാക്സറിന്‍ പെരെപ്പാടന്‍ പറഞ്ഞു. വേളൂക്കര ഗ്രാമപഞ്ചായത്തില്‍ പതിനേഴിലധികം വര്‍ഷമായി തരിശു കിടന്ന പത്തേക്കറിലധികം വരുന്ന അയ്യന്‍കുളം പാടത്ത് വേളൂക്കര കൃഷി ഓഫീസര്‍ വി. ധന്യയോടൊപ്പം ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. തുമ്പൂര്‍ കണ്ണ് കെട്ടിച്ചിറ വഴിക്കലിച്ചിറ പാടശേഖരത്തിന്റെ ഭാഗമായ ഈ തരിശുനിലം ഹരിതാഭമാക്കുവാന്‍ മുന്നിട്ടിറങ്ങിയതു മേഖലയിലെ പ്രമുഖ കര്‍ഷകനായ റിട്ട. പ്രഫസര്‍ വര്‍ഗീസ് റാഫേലിന്റെ നേതൃത്വത്തിലാണ്. പെരുമ്പാവൂര്‍ ശങ്കര വിദ്യാപീഠം കോളജ് അധ്യാപകനായിരുന്ന അദ്ദേഹത്തിനൊപ്പം കര്‍ഷകരായ സിന്ധു ഹരികുമാര്‍, ചാര്‍ളി ലാസര്‍, ടോം കിരണ്‍ എന്നിവരുമുണ്ട്. കൊറ്റനല്ലൂര്‍ ബ്രാഞ്ച് കനാലിനെ ജലലഭ്യത ഉറപ്പാക്കുന്ന ടേണ്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടി പരിശ്രമിച്ച വേളൂക്കര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കെ.ടി. പീറ്ററിനെ കര്‍ഷകര്‍ക്കു വേണ്ടി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി ആദരിച്ചു.