ഇരിങ്ങാലക്കുടയില്‍ ആര് വിജയക്കുട ചൂടും
പ്രിയപ്പെട്ടവരെ കുടചൂടിച്ചു കൂടെ കൊണ്ടുനടക്കുന്നവരാണു ഇരിങ്ങാലക്കുടക്കാര്‍. സ്വന്തമെന്ന് ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ വിശ്വസിച്ചുപോരുന്ന നിയമസഭാ മണ്ഡലമാണു ഇരിങ്ങാലക്കുട. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രവും രാഷ്ട്രീയ ചരിത്രവും ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ചിട്ടുണ്ട്. 2001 നു മുമ്പുവരെ ഇടയ്ക്കിടെ വലത്തോട്ടും ഇടത്തോട്ടും ചാഞ്ഞും ചരിഞ്ഞും നിലകൊണ്ട ചരിത്രമാണു മണ്ഡലത്തിനുള്ളത്.
വ്യക്തിബന്ധങ്ങളും വികസന നായകനെന്ന മുഖമുദ്രയും കരുത്താക്കി ‘വരദാനങ്ങളുടെ നാട്ടില്‍’ കഴിഞ്ഞ തവണ കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണു ഉണ്ണിയാടന് ആറാം തവണ കളത്തിലിറങ്ങിയിരിക്കുന്നത്. അദ്ദേഹത്തിനു തടയിടാനുള്ള അധ്വാനത്തിലാണു എല്‍ഡിഎഫുകാര്‍. ഒട്ടനവധി ശിഷ്യസമ്പത്തും സഹപാഠികളും ബന്ധുബലവുമുള്ള പ്രഫ. ആര്. ബിന്ദുവിന്റെ വിജയത്തിനായി അവര്‍ മെയ്യും മനവും മറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇരിങ്ങാലക്കുടയില്‍ ജനിച്ചു വളര്‍ന്ന് സ്വന്തം നാട്ടുക്കാരി എന്ന പരിവേഷവും അവര്‍ക്കുണ്ട്. ഇടതുമുന്നണിയുടെ കണ്‍വീനര്‍ എം. വിജയരാഘവന്റെ ഭാര്യയായതിനാല്‍ പാര്‍ട്ടി സംവിധാനങ്ങള്‍ സജീവമായി രംഗത്തുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ലീഡ് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണു അവരുടെ അവകാശവാദവും മോഹവും. മണ്ഡലത്തില്‍ ഒരോ തെരഞ്ഞെടുപ്പിലും തങ്ങള്‍ക്കുണ്ടാകുന്ന മുന്നേറ്റം ഇത്തവണയും തുടര്‍ന്നാല്‍ വിജയിക്കാമെന്നാണു എന്‍ഡിഎയുടെ വിലയിരുത്തല്‍. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ജേക്കബ് തോമസിനെയാണു ഇതിനായി എന്‍ഡിഎ രംഗത്തിറക്കിയിരിക്കുന്നത്. അഴിമതി വിരുദ്ധനെന്ന പ്രചരണവും ഇതിനു സഹായകരമാകും. ബിജെപിക്കു ലഭിക്കുന്ന പരമ്പരാഗത വോട്ടുകള്‍ക്കു പുറമേ മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള ക്രിസ്ത്യന്‍ വോട്ടുകള്‍ ജേക്കബ് തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ബിജെപിക്കു അനുകൂലമാകുമെന്നാണു കരുതുന്നത്. 2016 ഇരിങ്ങാലക്കുട നഗരസഭയും കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം, വേളൂക്കര, മുരിയാട്, ആളൂര്‍ തുടങ്ങിയ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണു ഇരിങ്ങാലക്കുട മണ്ഡലം. തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതു പക്ഷത്തിനാണു മുന്‍ തൂക്കം. ഇരിങ്ങാലക്കുട നഗരസഭ പൊതുവെ യുഡിഎഫ് കോട്ടയും സമീപ പഞ്ചായത്തുകള്‍ ഇടത് ശക്തികേന്ദ്രങ്ങളും ആണെന്നാണ് വെപ്പ്. നഗരസഭയൊഴികെ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണ്. നഗരസഭയില്‍ ഒരു സീറ്റിന്റെ മുന്‍ തൂക്കമാണു യുഡിഎഫിനുള്ളത്. പതിനായിരത്തിലധികം വോട്ടുകളുടെ മുന്‍ തൂക്കമാണു തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുള്ളത്. നഗരസഭയില്‍ മൂന്നു കൗണ്‍സിലര്‍മാരുണ്ടായിരുന്ന ബിജെപിക്കു ഇക്കുറി എട്ടുപേരെ വിജയിപ്പിക്കാനായി. മാത്രമല്ല, പല പഞ്ചായത്തുകളിലും ബിജെപി രണ്ടാം സ്ഥാനത്താണ്. മണ്ഡലത്തില്‍ മൊത്തം നാല്പതിനായിരത്തോളം വോട്ട് ബിജെപി പിടിച്ചു. തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന വോട്ടര്‍മാരുടെ നിലപാടല്ല ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കൈക്കൊള്ളുകയെന്നാണു യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍. കേരള ഡെമോക്രാറ്റിക് ഫോറം സ്ഥാനാര്‍ഥി വാക്സറിന്‍ പെരെപ്പാടനും സജീവമായി രംഗത്തുണ്ട്.
ചരിത്രത്തിലൂടെ……
1957 ല്‍ ജന്മംകൊണ്ട നിയോജകമണ്ഡലങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട നഗരസഭയൊഴികെ മണ്ഡലത്തിലെ സമീപ പഞ്ചായത്തുകളെല്ലാം തന്നെ കാര്‍ഷികമേഖലയെ അടിസ്ഥാനമാക്കിയാണു നിലനില്‍ക്കുന്നത്. 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയിലെ സി. അച്യുതമേനോന് കോണ്‍ഗ്രസിലെ കെ.ടി. അച്യുതനെ പരാജയപ്പെടുത്തി. 1960 ല്‍ പിഎസ്പിയിലെ (പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി) പി. അച്യുതമേനോനെയാണു പരാജയപ്പെടുത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനുശേഷം 1965 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ നിയോജകമണ്ഡലം കോണ്‍ഗ്രസിനു അനുകൂലമായി. കോണ്‍ഗ്രസിലെ രാഘവന് പൊഴേക്കടവിലിനെയാണു സി.കെ. രാജന് പരാജയപ്പെടുത്തിയത്. 1970 ല്‍ വീണ്ടും മത്സരത്തിനെത്തിയ സി.കെ. രാജനെ കെഎസ്പിയിലെ സി.എസ്. ഗംഗാധരന് പരാജയപ്പെടുത്തി. 1977 ല്‍ കോണ്‍ഗ്രസിലെ സിദ്ധാര്ഥന് കാട്ടുങ്ങല്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ജോണ്‍ മാഞ്ഞൂരാനെ പരാജയപ്പെടുത്തി. 1980 ല്‍ കോണ്‍ഗ്രസിലെ ജോസ് താണിക്കല്‍ ജനതാപ്പാര്‍ട്ടി സ്ഥാനാര്‍ഥി എ.പി. ജോര്‍ജിനെ പരാജയപ്പെടുത്തി. 1982 മുതല്‍ 1996 വരെയുള്ള 14 വര്‍ഷം നാലുതവണയായി മണ്ഡലം ലോനപ്പന് നമ്പാടനൊപ്പം നിന്നു. 1982 ല്‍ കേരളാ കോണ്‍ഗ്രസ് (സോഷ്യലിസ്റ്റ്) പാര്‍ട്ടി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ വിജയിച്ച ലോനപ്പന് നമ്പാടന് പിന്നീട് മൂന്നുതവണയും എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായിട്ടാണ് വിജയിച്ചത്. 1982 ല്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കോണ്‍ഗ്രസിലെ ജോസ് താണിക്കലിനെയും 1987 ല്‍ കോണ്‍ഗ്രസിലെ എം.സി. പോളിനെയും 1991 ല്‍ കേരളാ കോണ്‍ഗ്രസിലെ എ.എല്‍. സെബാസ്റ്റ്യനെയും തോല്പിച്ച് നമ്പാടന് നിയമസഭയിലെത്തി. 1996 ല്‍ കേരളാ കോണ്‍ഗ്രസിലെ അഡ്വ. തോമസ് ഉണ്ണിയാടനെ ലോനപ്പന് നമ്പാടന് പരാജയപ്പെടുത്തി. ആദ്യ പരാജയത്തിന്റെ കണക്കുതീര്‍ത്ത ഉണ്ണിയാടന് 2001 ല്‍ എല്‍ഡിഎഫിലെ ടി. ശശിധരനെയും 2006 ല്‍ സി.കെ. ചന്ദ്രനെയും 2011 ല്‍ അഡ്വ. കെ.ആര്. വിജയെയും തോല്പിച്ചു. 2016 ല്‍ പ്രഫ. കെ.യു അരുണന് ഉണ്ണിയാടനെ തോല്പിച്ചു. അങ്ങിനെ ആദ്യമായാണ് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നും അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന പാര്‍ട്ടി ചിഹ്നത്തില്‍ സിപിഎം വിജയിച്ച് നിയമസഭയിലെത്തുന്നത്.
- 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്
വോട്ടര്‍മാര്‍- 1,91,743
പോള്‍ ചെയ്തത്- 1,48,654
കെ.യു. അരുണന് (സിപിഎം)- 59,730
തോമസ് ഉണ്ണിയാന്‍ (കേരള കോണ്‍ഗ്രസ്)- 57,019
സന്തോഷ് ചെറാക്കുളം (ബിജെപി)- 30420
ഭൂരിപക്ഷം(എല്‍ഡിഎഫ്)- 2711 - 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫ്- 57481
എല്‍ഡിഎഫ്- 46091
ബിജെപി- 42857
ഭൂരിപക്ഷം (യുഡിഎഫ്) -11390
സൂപ്പര്‍ സ്പെഷാല്‍റ്റി ആശുപത്രിയും സ്പോര്‍ട്സ് സിറ്റിയും കിന്ഫ്രപാര്ക്കും-യുഡിഎഫ്
ജനറല്‍ ആശുപത്രി സൂപ്പര്‍ സ്പെഷാല്‍റ്റി നിലവാരത്തിലാക്കി ഉയര്‍ത്തുക എന്നുള്ളതാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ മുഖ്യ ലക്ഷം. അന്താരാഷ്ട്ര കലാ പൈതൃകനഗരം, സ്പോര്‍ട്സ് സിറ്റി, സിന്തറ്റിക് സ്പോര്‍ട്സ് ട്രാക്ക്, മള്‍ട്ടി കള്‍ച്ചറല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് കോംപ്ലക്സ്, ഗവണ്മെന്റ് സ്കൂളുകളിലെ ഗ്ലോബല്‍ എഡ്യുക്കേഷന്‍ പാറ്റണ്, വേളൂക്കര, മുരിയാട് ആളൂര്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതി, കിന്‍ഫ്ര പാര്‍ക്ക്, ജലഗതാഗതം, കനോലി കനാല്‍ കണക്ഷന് ടു ഫെഡറല്‍ കനാല്‍, ഇന്ത്യയിലെ ആദ്യത്തെ ഷെയറിംഗ് എക്കണോമി നിയോജകമണ്ഡലം, വിശപ്പ് രഹിത ഇരിങ്ങാലക്കുട എന്നിവയാണ് അഡ്വ. തോമസ് ഉണ്ണിയാടന് മുന്നോടു വെക്കുന്ന വാഗ്ദാനങ്ങള്‍.
വികസിത ഇരിങ്ങാലക്കുട 2026-ഏവര്‍ക്കും തൊഴില്‍ നല്‍കും-എന്‍ഡിഎ
വികസിത ഇരിങ്ങാലക്കുട 2026 എന്നതാണു എന്‍ഡിഎ സ്ഥാനാര്‍ഥി ജേക്കബ് തോമസ് ലക്ഷ്യം വെക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇരിങ്ങാലക്കുടയുടെ വികസനത്തിനു വിഷന്‍ ഡോക്യുമെന്റ് ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങലും എന്തെല്ലാമാണെന്നു ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്സിയെ ആശ്രയിക്കാതെ പിന്‍വാതില്‍ നിയമനങ്ങള്‍ ഇല്ലാതെ എല്ലാവര്ക്കും തൊഴില്‍ ലഭ്യമാക്കുക, ഗുണമേന്മ പരിശോധിച്ച് ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കുടിവെള്ളം ലഭ്യമാക്കുക എന്നിവയ്ക്കാണ് മുഖ്യപരിഗണന. മുന്നണി സ്ഥാനാര്‍ഥികളില്‍ ഏതു സ്ഥാനാര്‍ഥിയാണു കാര്യശേഷിയില്‍ മുന്നിലെന്നു ഇരിങ്ങാലക്കുടയിലെ ജനങ്ങള്‍ തീരുമാനിക്കുന്നിടത്താണു എന്റെ വിജയമെന്നു ജേക്കബ് തോമസ് പറഞ്ഞു.
കുടിവെള്ളക്ഷാമം പരിഹരിക്കും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും-എല്‍ഡിഎഫ്
മനുഷ്യരുടെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കും. ഒപ്പം ഒരു സാംസ്കാരിക നഗരി എന്നുള്ള രീതിയിലുള്ള ഇരിങ്ങാലക്കുടയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. ക്ലാസിക് കലകള്‍ക്കും നാടന്‍കലകള്‍ക്കും ഒരുപോലെ കലാകാരന്മാരുണ്ട്. അവരെയൊക്കെ സഹായിക്കുന്ന രീതിയിലുള്ള ഒരു കള്‍ച്ചറല്‍ കോറിഡോര്‍ ഇവിടെ സാധ്യമാക്കും. ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഗവണ്മെന്റ് വിദ്യാലയങ്ങളിലാകെ ഉണ്ടാക്കിയെടുത്തുകൊണ്ട് പ്രധാനപ്പെട്ട വിദ്യാഭ്യാസ മണ്ഡലമായി മാറ്റിയെടുക്കും. ഐടി മേഖല ഉള്‍പ്പെടെ പുത്തന്മേഖലയിലേക്കു കടന്നുചെല്ലാന്‍ കഴിയുന്ന വിധത്തില്‍ വരുമാനദായകമായിട്ടുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു കൃത്യമായി ഇടപെടും@adminകുടിവെള്ളക്ഷാമം പരിഹരിക്കും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങും-എല്‍ഡിഎഫ്
മനുഷ്യരുടെ ജീവിതത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കും. ഒപ്പം ഒരു സാംസ്കാരിക നഗരി എന്നുള്ള രീതിയിലുള്ള ഇരിങ്ങാലക്കുടയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. ക്ലാസിക് കലകള്‍ക്കും നാടന്‍കലകള്‍ക്കും ഒരുപോലെ കലാകാരന്മാരുണ്ട്. അവരെയൊക്കെ സഹായിക്കുന്ന രീതിയിലുള്ള ഒരു കള്‍ച്ചറല്‍ കോറിഡോര്‍ ഇവിടെ സാധ്യമാക്കും. ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ ഗവണ്മെന്റ് വിദ്യാലയങ്ങളിലാകെ ഉണ്ടാക്കിയെടുത്തുകൊണ്ട് പ്രധാനപ്പെട്ട വിദ്യാഭ്യാസ മണ്ഡലമായി മാറ്റിയെടുക്കും. ഐടി മേഖല ഉള്‍പ്പെടെ പുത്തന്മേഖലയിലേക്കു കടന്നുചെല്ലാന്‍ കഴിയുന്ന വിധത്തില്‍ വരുമാനദായകമായിട്ടുള്ള തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു കൃത്യമായി ഇടപെടും.
വര്‍ഷം, വിജയി, രണ്ടാം സ്ഥാനം, ഭൂരിപക്ഷം എന്നീ ക്രമത്തില്‍
- 1957- സി. അച്യുതമേനോന് (സിപിഐ)- കെ.ടി. അച്യുതന് (കോണ്‍)-2660
- 1960- സി. അച്യുതമേനോന് (സിപിഐ)- പി. അച്യുതമേനോന് (പിഎസ്പി)-361
- 1965- കെ.ടി. അച്യുതന് (കോണ്‍)- പി. അപ്പുക്കുട്ടമേനോന്‍ (സിപിഎം-സ്വതന്ത്രന്)-6159
- 1967- സി.കെ. രാജന് (സിപിഐ)- രാഘവന് പൊഴേക്കടവില്‍ (കോണ്‍)-3636
- 1970- സി.എസ്. ഗംഗാധരന് (കെഎസ്പി)- സി.കെ. രാജന് (സിപിഐ)-7814
- 1977- സിദ്ധാര്ഥന് കാട്ടുങ്ങല്‍ (കോണ്‍)- ജോണ്‍ മാഞ്ഞൂരാന് (എല്‍ഡിഎഫ്-സ്വതന്ത്രന്)- 2134
- 1980- ജോസ് താണിക്കല്‍ (കോണ്‍)- എ.പി. ജോര്‍ജ് (ജനതാപ്പാര്‍ട്ടി)- 7690
- 1982- ലോനപ്പന് നമ്പാടന് (കേരള-കോണ്‍-എസ്)- ജോസ് താണിക്കല്‍ (കോണ്‍)- 6766
- 1987- ലോനപ്പന് നമ്പാടന് (എല്‍ഡിഎഫ്-സ്വതന്ത്രന്)- എം.സി. പോള്‍ (കോണ്‍)-11098
- 1991- ലോനപ്പന് നമ്പാടന് (എല്‍ഡിഎഫ്-സ്വതന്ത്രന്)- എ.എല്‍. സെബാസ്റ്റ്യന്‍ (കേരള-കോണ്‍)- 9427
- 1996- ലോനപ്പന് നമ്പാടന് (എല്‍ഡിഎഫ്-സ്വതന്ത്രന്)- അഡ്വ. തോമസ് ഉണ്ണിയാടന് (കേരളാ കോണ്‍)- 6126
- 2001- അഡ്വ. തോമസ് ഉണ്ണിയാടന് (കേരളാ കോണ്‍)- ടി. ശശിധരന് (സിപിഎം)- 406
- 2006- അഡ്വ. തോമസ് ഉണ്ണിയാടന് (കേരളാ കോണ്‍)- സി.കെ. ചന്ദ്രന് (സിപിഎം)- 7995
- 2011- അഡ്വ. തോമസ് ഉണ്ണിയാടന് (കേരളാ കോണ്‍)- അഡ്വ. കെ.ആര്. വിജയ (സിപിഎം)- 12404
- 2016- പ്രഫ.കെ.യു അരുണന്(സിപിഎം)-അഡ്വ. തോമസ് ഉണ്ണിയാടന് (കേരളാ കോണ്‍)-2711