വീട് കയറിയുള്ള ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു,സഹോദരന്മാരും ഭാര്യമാരും അറസ്റ്റില്‍
ആക്രമണത്തിന് കാരണമായത് പ്രതികളുടെ ഉടമസ്ഥതയിലുള്ള വീട് ഒഴിയാന്‍ തയാറാകാത്തതിന്റെ വൈരാഗ്യമെന്ന് പോലീസ്.
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കിഴുത്താണി മനപ്പടിയില്‍ വീട് കയറിയുള്ള നാലംഗ സംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ പ്രതികളായ സഹോദരന്മാരും ഭാര്യമാരും അറസ്റ്റില്‍. കിഴുത്താണി വട്ടപ്പറമ്പില്‍ വീട്ടില്‍ ശശിധരന്റെ മകനും ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനുമായ സൂരജ് (33) ആണ് മരിച്ചത്. സംഭവത്തില്‍ കോമ്പാറ ചേനത്തുപറമ്പില്‍ വീട്ടില്‍ ഷാജു (47), സഹോദരന് കാട്ടുങ്ങച്ചിറ ചേനത്തുപറമ്പില്‍ ലോറന്‍സ് (50), ഒന്നാം പ്രതി ഷാജുവിന്റെ ഭാര്യ രഞ്ജിനി (39) രണ്ടാം പ്രതി ലോറന്‍സിന്റെ ഭാര്യ സിന്ധു (39) എന്നിവരെ ഡിവൈഎസ്പി ബാബു കെ. തോമസ്, കാട്ടൂര്‍ സിഐ എം.കെ. സജീവന് എന്നിവരുടെ നേതൃത്വത്തിലുളള സംഘം വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തു. എതാനും മാസങ്ങളായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ശശിധരനും വീട്ടുടമസ്ഥനായ ഇരിങ്ങാലക്കുട സ്വദേശി ലോറന്‍സും തമ്മില്‍ വീട് ഒഴിയുന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശനിയാഴ്ച കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ച കഴിഞ്ഞ് മടങ്ങിയ ലോറന്‍സും കൂട്ടരും വീട്ടില്‍ എത്തിയപ്പോള്‍ വാടകക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ശശിധരന്റെ ഭാര്യ രമണിയും രണ്ടാമത്തെ മകന് സ്വരൂപും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്വരൂപ് വിളിച്ചതിനെ തുടര്‍ന്നാണ് ശശിധരനും മൂത്ത മകന് സൂരജും വീട്ടില്‍ എത്തിയത്. പരിക്കേറ്റ മൂത്ത മകന് സൂരജ് (33) ഞായറാഴ്ച പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചു. രണ്ടാമത്തെ മകന് സ്വരൂപ് (27) ചികിത്സയിലാണ്. ആക്രമണത്തില്‍ 68 കാരനായ ശശിധരനും പരിക്കേറ്റിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ്ഐമാരായ സൂരജ്, ബെനഡിക്റ്റ്, പോലീസുകാരായ അബിന്‍, നിഖില്‍, ഷാനവാസ് എന്നിവരും ഉണ്ടായിരുന്നു.