കോവിഡ് ബാധിച്ചു മരിച്ച ഷിജുവിന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ തര്‍ക്കം
ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ക്രിമിറ്റോറിയത്തിലെ ചേമ്പര്‍ തകരാര്‍
അവസാനം തൃശൂര്‍ കോപ്പറേഷന്റെ ശ്മശാനത്തില്‍ സംസ്കാരം നടത്തി
ഇരിങ്ങാലക്കുട: കോവിഡ് ബാധിച്ചു മരിച്ച അവിട്ടത്തൂര്‍ സ്വദേശി തെക്കുംപറമ്പില്‍ ഷിജുവിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലെ ക്രിമിറ്റോറിയത്തില്‍ സംസ്കരിക്കുന്നതില്‍ നാട്ടുക്കാരുടെ എതിര്‍പ്പ്. ബുധനാഴ്ചയാണു ഷിജു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ന്യുമോണിയ ബാധിച്ചു മരിക്കുന്നത്. വ്യാഴാഴ്ച ഷിജുവിനു കോവിഡ്19 പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ക്രിമിറ്റോറിയത്തിലാണു മൃതദേഹ സംസ്കരണത്തിനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുന്നൊരുക്കങ്ങള്‍ക്കായി ക്രിമിറ്റോറിയത്തിലെത്തിയ ബന്ധുക്കളോടു മൃതദേഹ സംസ്കരണത്തിനു ബുദ്ധിമുട്ടുണ്ടെന്നു ക്രിമിറ്റോറിയം ഭാരവാഹികള്‍ അറിയിച്ചു. ക്രിമിറ്റോറിയത്തിലെ സംസ്കാരം നടത്തുന്ന ഉപകരണത്തിനു തകരാറുള്ളതായാണു ക്രിമിറ്റോറിയം ഭാരവാഹികളുടെ വിശദീകരണം. വിവരമറിഞ്ഞ് വാര്‍ഡ് കൗണ്‍സിലര്‍ എം.ആര് ഷാജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
യന്ത്ര തകരാര്‍ മൂലം മൃതദേഹത്തിന്റെ സംസ്കരണ നടപടികള്‍ നടക്കുമ്പോള്‍ ചെറിയ തോതില്‍ മണം പുറത്തു വരുമായിരുന്നു. ഇതു നാട്ടുക്കാരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണു കോവിഡ് രോഗിയുടെ മൃതദേഹം ഇവിടെ സംസ്കരിക്കുന്നതിനുള്ള നടപടികള്‍ നടക്കുന്നത്. ക്രിമിറ്റോറിയത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ 150 ഓളം വീട്ടുക്കാരാണു തിങ്ങിപ്പാര്ക്കുന്നതെന്നും ക്രിമിറ്റോറിയത്തില്‍ നിന്നും മൃതദോഹം സംസ്കരിക്കുമ്പോള്‍ യന്ത്ര തകരാറുമൂലമുള്ള ഗന്ധം ശ്വാസംമുട്ട്, അലര്‍ജി തുടങ്ങിയ അസുഖങ്ങള്‍ക്കു കാരണമാകുമെന്നാണു സമീപവാസികളുടെ വാദം. ക്രിമിറ്റോറിയത്തിലെ ജീവനക്കാരിയും സമീപവാസിയുമായ വ്യക്തിയും മൃതദേഹം സംസ്കരിക്കുവാന്‍ തയാറല്ലെന്നു അറിയിച്ചു. സംഭവമറിഞ്ഞു ഇരിങ്ങാലക്കുട സിഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിഷയത്തില്‍ ഇടപെട്ട മുകുന്ദുപുരം തഹസില്‍ദാര്‍ എ.ജെ. മധുസൂധനന് ജില്ലാ ഭരണകൂടവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള ശ്മശാനത്തില്‍ കോവിഡ് ചടങ്ങള്‍ പാലിച്ചു സംസ്കരിക്കാന്‍ ധാരണയിലെത്തി.