കോവിഡ് 19-ഇരിങ്ങാലക്കുടയില്‍ പോലീസും ആരോഗ്യവകുപ്പും പരിശോധനയും നിയന്ത്രണങ്ങളും കടുപ്പിച്ചു
ഇടറോഡുകൾ ഉൾപ്പെടെ ബാരിക്കേഡുകൾ ഉപയോഗിച്ചും കയർകെട്ടിയും അടപ്പിച്ചു
സൂപ്പർമാർക്കറ്റുകൾ അടക്കമുള്ളവ അടച്ചിടും, നഗരം വിജനമാകുന്നു
നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന കല്ലട ബാർ പോലീസ് അടപ്പിച്ചു
ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം വിജനമായി. വാഹനങ്ങളും ആളുകളും അധികം പുറത്തിറങ്ങിയിട്ടില്ല. എവിടെയും നിശ്ചലമായ അവസ്ഥയാണ്. റോഡുകളില്‍ തിരക്കില്ല. നഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണിന്റെ പരിധിയില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളിലെ കടകള്‍പോലും തുറന്നില്ല. നഗരസഭാ പ്രദേശത്ത് ആരോഗ്യവകുപ്പും പോലീസും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് കോവിഡ്19 സ്ഥിതീകരിച്ചതോടെയാണു ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തിയത്. കണ്ടെയ്ന്മെന്റ് കലാവധി കഴിയും വരെ ഇരിങ്ങാലക്കുട പച്ചക്കറി മാര്‍ക്കറ്റും അതിനോടു അനുബദ്ധിച്ചുള്ള ഇറച്ചി മാര്‍ക്കറ്റും ഫിഷ് മാര്‍ക്കറ്റും അടച്ചിടാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചതനുസരിച്ചു മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചു. ഇന്നലെ രാവിലെ മാര്‍ക്കറ്റിലെത്തിയ ചെറുകിട വ്യാപാരികളെ പോലീസ് തിരിച്ചയച്ചു. ഠാണാബസ് സ്റ്റാന്‍ഡ് റോഡില്‍ ബോയ്സ് സ്കൂളിനു സമീപവും ആല്ത്തറയ്ക്കലും റോഡ് അടച്ചിട്ടുണ്ട്. പേഷ്ക്കാര്‍ റോഡും പാട്ടാമാളി റോഡും അടച്ചിട്ടു. മൂന്നുപീടിക റോഡില്‍ നിന്നുള്ള വണ്‍വേയും അടച്ചിട്ടുണ്ട്. ടൗണ്‍ ഹാളിനു സമീപം തുറന്നു പ്രവര്‍ത്തിച്ചിരുന്ന റിലയന്‍സ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റും കല്ലട ബാറും, അവശ്യസാധനങ്ങള്‍ വില്പന ഉള്ളതല്ലാത്ത നിരവധി ചെറുകടകളും പോലീസ് അടപ്പിച്ചു. നഗരസഭ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന വാര്‍ഡുകളില്‍ ഹോട്ടലുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇറച്ചി, മീന്‍ കടകള്‍ എന്നിവ അടക്കം പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചതായി സിഐ എം.ജെ. ജിജോ പറഞ്ഞു. പച്ചക്കറിയും പലചരക്കും മാത്രം വില്പന നടത്തുവാന്‍ അനുവാദമുള്ളൂവെന്നും ഇവയ്ക്ക് ഒപ്പം മറ്റു സാധനങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ കണ്ടെയ്മെന്റ് സോണില്‍ തുറക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അനാവശ്യമായി പുറത്തിറക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയന്ത്രിത വാര്‍ഡുകളിലേക്കുള്ള ഓട്ടോറിക്ഷകളുടെ ഗതാഗതവും നിയന്ത്രിക്കുമെന്നു അധികൃതര്‍ സൂചിപ്പിച്ചു.