പ്രപഞ്ചം എന്ന മഹാത്ഭുതം ശാസ്ത്ര പാടവ പോഷണ പരിപാടി
ഇരിങ്ങാലക്കുട: സ്കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യവുമായി ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം നടത്തിവരുന്ന ശാസ്ത്ര പാടവ പോഷണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് നിര്‍വഹിച്ചു. തുടര്‍ന്ന് പ്രപഞ്ചം എന്ന മഹാത്ഭുതം എന്ന വിഷയത്തില്‍ വിവിധ ഗവണ്മെന്റ് കോളജുകളില്‍ ഫിസിക്സ് അധ്യാപകനായും പ്രിന്‍സിപ്പാളായും ഇപ്പോള്‍ കുസാറ്റ് ഭൗതികശാസ്ത്ര വിഭാഗം അനുബന്ധ ഫാക്കല്‍റ്റി, ലൂക്കാ ഓണ്‍ലൈന്‍ സയന്‍സ് മാഗസിന് എഡിറ്റോറിയല്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ. എന്‍. ഷാജി ക്ലാസ് നയിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 175 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ക്രൈസ്റ്റ് കോളജ് സെമിനാര്‍ ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. ടി. സോണി ജോണ്‍, കണ്‍വീനര്‍ കെ. മായ എന്നിവര്‍ സംസാരിച്ചു.