യോഗാഭ്യാസ പ്രകടനത്തില്‍ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനിക്ക് ഗിന്നസ് തിളക്കം
ഇരിങ്ങാലക്കുട: യോഗാഭ്യാസ പ്രകടനത്തില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ഗിന്നസ് ലോക റിക്കാര്‍ഡ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ഒന്നാം വര്‍ഷ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥിനിയായ അനഘ മനോജാണ് ഗിന്നസ് നേട്ടത്തിന് അര്‍ഹയായത്. യോഗാസനത്തിലെ മെര്‍മെയ്ഡ് പോസില്‍ ഒരുമണിക്കൂര്‍ 27 മിനിറ്റ് പിന്നിട്ടാണ് അനഘ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. തിരുപ്പൂര്‍ സ്വദേശിനിയായ രൂപ ഗണേഷിന്റെ ഒരു മണിക്കൂര്‍ 15 മിനിറ്റ് ഏഴ് സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് അനഘ ചരിത്ര നേട്ടത്തിന് ഉടമയായത്.
2023 ഡിസംബര്‍ മൂന്നിന് കൊടുങ്ങല്ലൂര്‍ റോട്ടറി ക്ലബ് ഹാളില്‍ വെച്ചായിരുന്നു റെക്കോര്‍ഡ് പിന്നിട്ട അനഘയുടെ യോഗാഭ്യാസ പ്രകടനം. ഗിന്നസ് മാനദണ്ഡങ്ങളനുസരിച്ച് ഗിന്നസ് അധികൃതരുടെയും അംഗീകൃത യോഗാധ്യാപകരായ എം.വി. സിനി, പത്മജ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അനഘയുടെ പ്രകടനം. യോഗാഭ്യാസത്തിലുള്ള താല്പര്യം മൂലം യുട്യൂബ് വീഡിയോകളുടെ സഹായത്തില്‍ ഒരു വര്‍ഷത്തോളമായുള്ള നിതാന്ത പരിശ്രമമാണ് അനഘയെ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുന്നതിന് സഹായിച്ചത്.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ കൈതക്കാട്ട് മനോജ്, പ്രസീത ദമ്പതികളുടെ മകളാണ് അനഘ. അഖില്‍ ഏക സഹോദരനാണ്. അനഘയുടെ പ്രകടനം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേര്‍സാക്ഷ്യം ആണെന്നും വിദ്യാര്‍ഥികള്‍ക്ക് അനുകരണീയമായ മാതൃകയാണെന്നും അഭിനന്ദന വേളയില്‍ കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു.