എടതിരിഞ്ഞി കോള്‍- കാറളം ഊര്പതി കോള്‍ കമ്മട്ടിത്തോടു വഴി വെള്ളം വിട്ടു; 400 ഏക്കര്‍ പാടത്ത് വെള്ളക്കെട്ട്
വെള്ളക്കെട്ടിലായ എടതിരിഞ്ഞി കോള്‍ പാടശേഖരം.
എടതിരിഞ്ഞി: പോത്താനി പാടശേഖരത്തില്‍നിന്ന് കമ്മട്ടിത്തോടുവഴി എടതിരിഞ്ഞി കോള്‍ പാടശേഖരത്തിലേക്ക് വരുന്ന വെള്ളം തങ്ങി ഞാറുനട്ട നാനൂറേക്കറോളം കൃഷി വെള്ളത്തിലായി. എടതിരിഞ്ഞി പ്രദേശത്തെ 256 ഏക്കര്‍ വരുന്ന എടതിരിഞ്ഞി കോള്പ്പാടശേഖരവും കാറളം പഞ്ചായത്തിലെ മാനവലശേരി വില്ലേജില്‍പ്പെട്ട ഊര്പതി കോള്കര്ഷകസംഘത്തിനു കീഴിലുള്ള 138 ഏക്കര്‍ വരുന്ന പാടവുമാണ് ആറു ദിവസമായി വെള്ളത്തില്‍ മുങ്ങിയിരിക്കുന്നത്.
ഇരിങ്ങാലക്കുട, കിഴുത്താണി, കാവുപുര, താണിശേരി, കൊരുമ്പിശേരി, കണ്ഠേശ്വരം, കൂടല്‍മാണിക്യം പടിഞ്ഞാറുഭാഗം എന്നിങ്ങനെ അഞ്ചു ചതുരശ്ര കിലോമീറ്റര്‍ പെയ്തിറങ്ങുന്ന വെള്ളമെല്ലാം ഒഴുകിയെത്തുന്നത് പോത്താനി പാടശേഖരത്തിലേക്കാണ്. പോത്താനി പാടശേഖരത്തിലെത്തുന്ന വെള്ളമെല്ലാം തേമാലിത്തറ തോടു വഴി ഷണ്മുഖം കനാലിലേക്ക് തുറന്നുവിടുന്നതിനു പകരം കമ്മട്ടിത്തോടു വഴി കോള്പ്പാടശേഖരത്തിലേക്ക് തുറന്നുവിടുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.
പോത്താനി പാടത്ത് വെള്ളക്കെട്ടായതിനെത്തുടര്ന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെയും പോലീസിന്റെയും ആവശ്യപ്രകാരം കമ്മട്ടിത്തോട്ടിലെ ഒരു ചീപ്പ് തുറന്നിരുന്നു. ഇതുമൂലം ഞാറുനട്ട കോള്‍പ്പാടം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന 165 കര്‍ഷകരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇതു സംബന്ധിച്ച് പഞ്ചായത്ത്, കൃഷിഭവന്, ജില്ലാ കളക്ടര്‍ എന്നിവിടങ്ങളില്‍ പരാതി കൊടുത്തെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായില്ല. പോത്താനി പാടശേഖരത്തിനു വേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയും മോട്ടോര്‍ ഷെഡ്, 50എച്ച്പി പമ്പ്, എന്നിവ സ്ഥാപിച്ച് ഷണ്മുഖം കനാല്‍ വഴി വെള്ളം തിരിച്ചുവിട്ടാല്‍ ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
എന്നാല്‍, ജില്ലാ പഞ്ചായത്ത് 50 എച്ച്പി പമ്പും മോട്ടോര്‍ഷെഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് 15 ലക്ഷവും ബണ്ട് ബലപ്പെടുത്താന്‍ മന്ത്രി ആര്. ബിന്ദു 15 ലക്ഷവും അനുവദിച്ചിട്ടുണ്ടെങ്കിലും അത് നടപ്പാക്കാന്‍ പാടശേഖരസമിതിക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ എത്രയും വേഗത്തില്‍ പോത്താനി പാടശേഖരത്തിന് മോട്ടോറും മറ്റ് അനുബന്ധ സൗകര്യങ്ങളും ചെയ്തുനല്കാന് ഭരണകൂടം തയ്യാറാകണമെന്നും എടതിരിഞ്ഞി കോള്‍ പാടം പ്രസിഡന്റ് ധീരജ് മോഹന്‍, സെകരട്ടറി ടി.കെ. വിജയന്, വൈസ് പ്രസിഡന്റ് മുരളി മാരാത്ത്, മുന്‍ പ്രസിഡന്റ് രാധാകൃഷ്ണന്, മുന്‍ സെക്രട്ടറി ശിവകുമാര്‍, ഉര്പ്പതി കോള്‍ കര്‍ഷകസംഘം വൈസ് പ്രസിഡന്റ് പി.കെ. ഹംസ, സെക്രട്ടറി ഇന്‍ബാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് തണല്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലസ്ഥാപനം നടത്തി
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി