ഉദ്യോഗസ്ഥര്‍ ജനഹിതം നിറവേറ്റാന്‍ യത്നിക്കണം: മന്ത്രി ഡോ. ബിന്ദു
ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഓഫീസുകളിലെ സൗകര്യങ്ങള്‍ ഉയരുന്നത് ജനോപകാരപ്രദമായി വിനിയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ലാപ്ടോപ്പുകളുടേയും പ്രിന്ററുകളുടേയും വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
2023 24 വര്‍ഷത്തെ പ്രത്യേക വികസനനിധിയില്‍ നിന്നും ഇരുപതു ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ലാപ്ടോപ്പുകളും പ്രിന്ററുകളുമാണ് വിതരണം നടത്തിയത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഉള്‍പ്പെട്ട മുകുന്ദപുരം താലൂക്കിലെ ആനന്ദപുരം, മുരിയാട്, പുല്ലൂര്‍, വേളൂക്കര, കടുപ്പശേരി, കൊറ്റനല്ലൂര്‍, മാടായിക്കോണം, ഇരിങ്ങാലക്കുട, കാറളം, പൂമംഗലം, എടതിരിഞ്ഞി, പടിയൂര്‍, കാട്ടൂര്‍, മനവലശേരി എന്നീ വില്ലേജ് ഓഫീസുകളിലേക്കും ചാലക്കുടി താലൂക്കില്‍ ഉള്‍പ്പെടുന്ന കല്ലേറ്റുങ്കര, ആളൂര്‍ താഴേക്കാട് വില്ലേജ് ഓഫീസുകളിലേക്കുമാണ് ലാപ്ടോപ്പുകളും പ്രിന്ററുകളും നല്‍കിയത്. മുകുന്ദപുരം താലൂക്കിലെ പൊറത്തിശേരി വില്ലേജ് ഓഫീസില്‍ നേരത്തെത്തന്നെ എംഎല്‍എ ഫണ്ടുപയോഗിച്ച് ലാപ്ടോപ്പും പ്രിന്ററും നല്കി സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി ഉയര്‍ത്തിയിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, (ഭൂരേഖ) സിമേഷ് സാഹു, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം.കെ. ഷാജി, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ സി. നാരായണന് എന്നിവര്‍ സംസാരിച്ചു.