കാറളം ലൈഫ് പദ്ധതി: വീടെന്ന സ്വപ്നം, കാടെന്ന യാഥാര്‍ഥ്യം…ലൈഫ് പദ്ധതിയുടെ നിര്‍മാണം നിലച്ചിട്ട് രണ്ടുവര്‍ഷം…
പാവങ്ങളോടു വേണോ..ഈ കൊടും ചതി
ഇരിങ്ങാലക്കുട: തകര്‍ന്നു വീണൊരു സ്വപ്നം പോലെയാണ് ഈ സ്വപ്ന പദ്ധതി. മനുഷ്യന് തല ചായ്ക്കേണ്ട ഇവിടെ ഇന്ന് മരപട്ടികളും ഇഴജന്തുക്കളുമാണ് വാസമാക്കിയിരിക്കുന്നത്. ഇവിടെ കാട് പിടിച്ച് കിടക്കുന്നതിനാല്‍ ആരും ഇവിടേക്ക് വരാറില്ല. പാവങ്ങളുടെ വീടചെന്ന യാഥാര്‍ഥ്യമാണ് നഷ്ടപ്പെട്ടത്. തലചായ്ക്കാനിടമില്ലാത്ത ഒരു പറ്റം നിര്‍ധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല.
കാറളം പഞ്ചായത്തില്‍ വെള്ളാനിയില്‍ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കുമായി ലൈഫ് മിഷന് ഫഌറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്. നിര്‍മാണം നിലച്ചതോടെ കെട്ടിടങ്ങള്‍ പണിയുന്ന സ്ഥലത്തും ചുമരുകളിലും നിര്‍മാണത്തിനായി കൂട്ടിയിട്ടിരിക്കുന്ന അലൂമിനിയം ഫ്രെയിമുകളിമെല്ലാം കാടുകയറി. വലിയ ഇരുമ്പുതൂണികള്, കോണ്‍ക്രീറ്റ് മിക്സര്‍ തുടങ്ങിയവ തുരുമ്പെടുത്തു. കരാറുകാരുമായുള്ള പ്രശാനമാണ് നിര്‍മാണം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
മന്ത്രിയുടെ വാദ്ഗാനം ഫലം കണ്ടില്ല
ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020 ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണമാണ് എങ്ങുമെത്താത്ത അവസ്ഥയില്‍ കാടുകയറിക്കിടക്കുന്നത്. 2020 സെപ്റ്റംബര്‍ 24 ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ഇതിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. 9.20 കോടി രൂപ ചെലവഴിച്ച് 43000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ എല്‍ജിഎസ്എഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കെട്ടിട സമുച്ചയം നിര്‍മിക്കുന്നത്. മറ്റ് പല സ്ഥലങ്ങളിലും ലൈഫ് പദ്ധതിയില്‍ ഫല്‍റ്റുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും കാറളത്ത് എവിടെയുമെത്താത്ത സ്ഥിതിയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളോ അധികാരികളോ വേണ്ടത്ര ശ്രദ്ധയോ പരിശ്രമമോ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ച് 72 കുടുംബങ്ങള്‍
കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനിയില്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റില്‍ രണ്ടു ബ്ലോക്കുകളിലായി 72 ഫഌറ്റുകളാണ് ലൈഫ് മിഷന് നിര്‍മിക്കുന്നത്. 72 കുടുംബങ്ങള്‍ക്കാണ് ഇവിടെ താമസസൗകര്യം ഒരുക്കുന്നത്. 9.20 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന കെട്ടിടസമുച്ചയങ്ങളുടെ ആകെ വിസ്തീര്‍ണം 43,000 ചതുരശ്ര അടിയാണ്. പാര്‍പ്പിട യൂണിറ്റുകള്‍ക്കു പുറമെയോജനപരിപാലന കേന്ദ്രം, കോമണ്‍ റൂം, സിക്ക് റൂം, മാലിന്യസംസ്കരണ സംവിധാനങ്ങള്‍, സൗരോര്‍ജ സംവിധാനം എന്നിവയും ഉണ്ടാകും. 500 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശൗചാലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഓരോ യൂണിറ്റും. അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണു ലൈഫ് മിഷന് കരാര്‍ നല്‍കിയിരിക്കുന്നത്.
തുടക്കത്തിലേ കല്ലുകടി
ഫല്‍റ്റുകളുടെ നിര്‍മാണം തുടങ്ങിയ കാലം മുതല്‍ തടസങ്ങളാണെന്ന് ജനം പറയുന്നു. നേരത്തേ ജോലിക്കാരുടെ പ്രശനംമൂലം പണി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് കെട്ടിടത്തിന്റെ നിര്‍മാണ സാധനസമഗ്രികളുടെ അപര്യാപ്തതമൂലം നിര്‍ത്തിവെച്ചു. ഇതിനിടയില്‍ മഴ മൂലവും പ്രവൃത്തികള്‍ തടസ്സപ്പെട്ടു. രണ്ടു വര്‍ഷമായി പണിയൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഫല്‍റ്റിന്റെ കെട്ടിടനിര്‍മാണം താഴത്തെ നിലയിലെ ചുമരുകളുടെ ഘടനയില്‍ മാത്രം ഒതുങ്ങി. രണ്ടാമത്തെ ഫല്‍റ്റിലെ തൂണുകളുടെ ഫൗണ്ടേഷന് പ്രവ#ത്തികള് പാതിയില്‍ നിലച്ചനിലയിലാണ്. തൂണുകളുടെ താഴെ വെള്ളം കെട്ടിനിന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമാകുന്നതായി അയല്‍വാസി കായംപുറം കുട്ടന് പറഞ്ഞു.
പഞ്ചായത്തില്‍ പരാത് ല!കിയപ്പോള് ലഭിച്ച ക്ലോറിന്‍ ചേര്‍ത്ത് വെള്ളം ശുദ്ധീകരിച്ചാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മഴക്കാലമായാല്‍ തൂണുകളുടെ ഉയരത്തില്‍ വെള്ളം വരും. മാത്രമല്ല, രാത്രിയായാല്‍ പാമ്പുകളടക്കമുള്ള ഇഴജന്തുക്കളുടെയും മരപ്പട്ടിയുടെയുമെല്ലാം ശല്യം രൂക്ഷമാണെന്നും കുട്ടന് കൂട്ടിച്ചേര്‍ത്തു. രണ്ടു ഘട്ടങ്ങളിലായി കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍, ആദ്യഘട്ടം തന്നെ പൂര്‍ത്തിയാക്കാന്‍ ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.