ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുനാള്
ദേവാലയവും പന്തലുകളും ദീപാലങ്കാര പ്രഭയില്‍, വാനം മുട്ടെ പിണ്ടികളുയര്ന്നു; പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പില്‍ ഇരിങ്ങാലക്കുട നഗരം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമിര്‍പ്പിലാണ് നാടും നഗരവും. ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും ആത്മീയതയുടെയും ഇഴചേരലാണ് ഇരിങ്ങാലക്കുടക്കാര്‍ക്ക് പിണ്ടിപെരുന്നാള്. നയന മനോഹരമായ ദീപാലങ്കാരങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും മനോഹരമായിക്കഴിഞ്ഞു. ക്രൈസ്തവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനം മുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചിരിക്കുകയാണ്. വഴി വാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കി കഴിഞ്ഞു.
ജാതിമതഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒന്നു ചേരാനും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുമുള്ള അവസരം കൂടിയാണ് പിണ്ടിപെരുന്നാള്. പലഹാര പണികള്‍ പൂര്‍ത്തിയാക്കി വീട്ടമ്മമാര്‍ ബന്ധുമിത്രാദികളെ വരവേല്‍ക്കാന്‍ തയാറായിക്കഴിഞ്ഞു. ഒട്ടേറെ പുതുമകളോടെയാണ് കത്തീഡ്രല്‍ ദേവാലയത്തിലെ ഇത്തവണത്തെ ദീപാലങ്കാരം. കത്തീഡ്രല്‍ ദേവാലയത്തിലെ ദീപാലങ്കാരങ്ങളുടേയും, പ്രവാസികൂട്ടായ്മ ഒരുക്കിയ പ്രവാസിപന്തലിന്റേയും, പള്ളിയുടെ തെക്കേ നടയിലും കിഴക്കേ നടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപന്തലുകളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് നിര്‍വഹിച്ചു. തിരുനാളിന് എത്തുന്നവര്‍ക്ക് അമ്പ് എഴുന്നെള്ളിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കത്തീഡ്രലില്‍ ഇന്ന്
വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്കുശേഷം പള്ളിചുറ്റി പ്രദക്ഷിണവും രൂപം പ്രത്യകം തയ്യാറാക്കിയ പന്തലിലേക്ക് എഴുന്നെള്ളിച്ച് വെയ്ക്കലും നേര്‍ച്ച വെഞ്ചിരിപ്പും നടക്കും. രാത്രി എട്ടിന് മതസൗഹാര്‍ദ സമ്മേളനം. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നെള്ളിപ്പുകള് രാത്രി 12 ന് പള്ളിയിലെത്തും.
തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപക്കൂടുകളും മുത്തുകുടകളും നേര്ച്ചപായ്ക്കറ്റുകളും ഒരുങ്ങി, എല്ലാം പരിസ്ഥിതി സൗഹൃദം
ഉണ്ണിയപ്പവും കുഴലപ്പവും അച്ചപ്പവും നേര്‍ച്ചയായി നല്‍കും
ഇരിങ്ങാലക്കുട: കത്തീഡ്രലിലെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠികകുന്ന രൂപക്കൂടുകളും നേര്ച്ചപായ്ക്കറ്റുകളും ഒരുക്കിയത് എല്ലാം പരിസ്ഥിതി സൗഹൃദത്തില്‍. തിരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഒരു ലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ച ഒരുക്കിയിരിക്കുന്നത്. പ്രധാന നേര്‍ച്ചയായ ഉണ്ണിയപ്പം വാഴയിലയിലാണ് ഇത്തവണ വിശ്വാസികള്‍ക്കായി നല്‍കുന്നത്. തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപക്കൂടുകളുടെ അലങ്കാരവും വര്‍ണ കടലാസുകളിലാണ്. വിശുദ്ധ ഗീവര്‍ഗീസ്, വിശുദ്ധ തോമാശ്ലീഹാ, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാമറിയം എന്നിവര്‍ക്കുള്ള കൂടുകളാണ് മനോഹരമാക്കിയത്. പള്ളിയിലെ ജീവനക്കാരനായ സാബു താണിയത്ത് രണ്ടാഴ്ചയോളമാണ് രൂപക്കൂടുകള്‍ അലങ്കരിക്കാനെടുത്തത്. കഴിഞ്ഞ പത്ത് വര്‍ഷമായി സാബു തന്നെയാണ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന് രൂപക്കൂടുകള്‍ ഒരുക്കുന്നത്.
വലിയങ്ങാടി അമ്പ് ഫെസ്റ്റ്,
വലിയങ്ങാടി അമ്പ് ഫെസ്റ്റ് രാത്രി ഏഴിന് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ആല്‍ത്തറ വരെയുള്ള മെയിന്‍ റോഡില്‍ പത്ത് വേദികളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടന്‍പാട്ട്, ഗാനമേള, സാക്സഫോണ് ബാന്റ്, ചാക്ാര്കൂത്ത്, വയലിന് ചെണ്ട ഫ്യൂഷന്‍, കച്ചേരി, ഇന്‍സ്ട്രുമെന്റല്‍ ബാന്റ്, ഡിജെ വാട്ടര്‍ ഡ്രംസ് തുടങ്ങി നിരവധി കലാപ്രകടനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാത്രി പത്തിന് ആല്‍ത്തറ പരിസരത്തു നിന്നും അമ്പെഴുന്നെള്ളിപ്പ് ആരംഭിക്കും.
ഇരട്ട കാളകളാല്‍ വലിക്കുന്ന കാളവണ്ടിയില്‍ നകാരമേളം, 101 പൊന്‍കുരിശുകള്‍, 40 കലാകാരന്മാരുടെ കൊമ്പുപറ്റ് മേളം, നാദസ്വരം, ശിങ്കാരിമേളം, ബാന്റുമേളങ്ങള്, മണ്ണെണ്ണ റാന്തലുകള്‍, പന്തങ്ങള്‍, കുത്തുവിളക്കുകള്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പെഴുന്നെള്ളിച്ചുകൊണ്ടുള്ള രഥം എന്നിവ അമ്പെഴുന്നെള്ളിപ്പിന് മിഴിവേകും. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 115 അടി ഉയരമുള്ള ബഹുനില പന്തലിന്റെ സ്വിച്ച് ഓണ്‍ കര്‍മം മുന്‍ എംഎല്‍എ പ്രഫ. കെ.യു അരുണന് നിര്‍വഹിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
കോമ്പാറ അമ്പ് ഫെസ്റ്റ്
കോമ്പാറ അമ്പ് ഫെസ്റ്റ് രാത്രി ഏഴിന് മണ്ണാര്‍ക്കാട് അഡീഷണല്‍ ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിക്കും. ഹൃദയ പാലിയേറ്റീവ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, നഗരസഭ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ിനി ജോസ് കാളിയങ്കര, തോമസ് കോട്ടോളി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കോമ്പാറ കപ്പേളക്കു സമീപം ഒരുക്കിയ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും. ഇന്ന് രാവിലെ ഒമ്പത് മണി മുതല്‍ കോമ്പാറ മേഖലയിലെ ഇടവഴികളിലൂടെ കാളവണ്ടിയില്‍ നകാരമേളം നടക്കും. രാത്രി പത്തിന് കോമ്പാറ കപ്പേളയില്‍ നിന്ന് അമ്പെഴുന്നെള്ളിപ്പ് ആരംഭിക്കും. നകാരമേളം, ചെണ്ടമേളം, രണ്ട് പാഞ്ചാരി മേളം, രണ്ട് ശിങ്കാരിമേളം, ബാന്റ് മേളം എന്നിവ അമ്പെഴുന്നെള്ളിപ്പിന് മിഴിവേകും.