ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

റനീസ്.
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പിലൂടെ ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഷെയര്‍ ട്രേഡിംഗില്‍ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയില്‍ നിന്ന് 13450000 (ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ) തട്ടിപ്പു നടത്തിയ കേസില്‍ തൃശൂര്‍ മൂന്നുപീടിക സ്വദേശി കാക്കശ്ശേരി വീട്ടില്‍ റനീസ് (26)നെയാണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയര്‍ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയര്‍ ട്രേഡിങ്ങിനായി വാട്ടസ് അപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യിപ്പിച്ച് ഷെയര്‍ ട്രേഡിംഗ് നടത്തുന്നതിനുള്ള ലിങ്കും ട്രേഡിംഗ് നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിന്മാര് പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയര്‍ ട്രേഡിങ്ങ് നടത്തിച്ചു.
സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവുകളിലായി പല തവണകളായിട്ടാണ് പരാതിക്കാരന് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. ഈ പണത്തിലുള്‍പ്പെട്ട 2220000 (ഇരുപത്തിരണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ) റെനീസിന്റെ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി ഈ തുക പിന്‍വലിച്ച് പ്രതികള്‍ക്ക് നല്കി 15,000 (പതിനഞ്ചായിരം രൂപ) കമ്മീഷനായി കൈപ്പറ്റി തട്ടിപ്പുസംഘത്തിന് സഹായം ചെയ്തുകൊടുക്കുന്ന ഏജന്റായി പ്രവത്തിച്ചുവന്നതിനാണ് റെനീസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റനീസിനെ റിമാന്റ് ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ഡിസിആര്‍ബി ഡിവൈഎസ്പി എസ്.വൈ. സുരേഷ്, സൈബര്‍ എസ്എച്ച്ഒ വര്‍ഗ്ഗീസ് അലക്സാണ്ടര്‍, എസ്ഐ ബെന്നി ജോസഫ്, എഎസ്ഐ അനൂപ് കുമാര്‍, പോലീസ് ഉദ്യേഗസ്ഥരായ അജിത്ത് കുമാര്‍, അനീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.