കിണറുകളിലെ രാസമാലിന്യം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി സ്ഥലം സന്ദര്‍ശിച്ചു

കിണറുകളില്‍ രാസമാലിന്യം കണ്ടത്തിയ കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ വീടുകളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് ആര്. നായര്‍ സന്ദര്‍ശിക്കുന്നു.
പ്രതിഷേധ മാര്‍ച്ച് ഇന്ന്
കാട്ടൂര്‍: കിണറുകളില്‍ രാസമാലിന്യം കണ്ടത്തിയ കാട്ടൂര്‍ മിനി ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ വീടുകളില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് ആര്. നായര്‍ സന്ദര്‍ശിച്ചു. പരിസരവാസികള്‍ അദ്ദേഹത്തിനു മുമ്പാകെ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ബോധ്യപ്പെടുത്തി. പ്രശ്നങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പരിഹാരം ഉണ്ടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ജനകീയ കുടിവെള്ള സംരക്ഷണ സമിതിയുടെ പരാതിയെതുടര്‍ന്നായിരുന്നു സന്ദര്‍ശനം.
ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികളില്‍ നിന്നുമാണ് രാസമാലിന്യം സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലേക്ക് വ്യാപിക്കുന്നതായി പരിസരവാസികള്‍ പറയുന്നത്. 10 ദിവസമായി പ്രദേശവാസികള്‍ മിനി എസ്റ്റേറ്റിന് മുന്നില്‍ റിലേ നിരാഹാരസമരം നടത്തിുകയായിരുന്നു. ഇന്ന് രാവിലെ കാട്ടൂര്‍ പഞ്ചായത്താഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പ്രശസ്ത കവി ആതിര തീഷ്ണ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ സംസാരിക്കും.