ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിട നിര്‍മ്മാണം വൈകുന്നു; ജനകീയ പ്രതിഷേധ സമരവുമായി നാട്ടുകാര്‍

ആളൂര്‍ പോലീസ് സ്റ്റേഷന്.
കല്ലേറ്റുംകര: ആളൂര്‍, മുരിയാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ആളൂര്‍ പോലീസ് സ്റ്റേഷന് പ്രവര്‍ത്തനം തുടങ്ങി ഒരു ദശകമായിട്ടും ആവശ്യമായ സൗകര്യങ്ങളോടെ സ്വന്തം കെട്ടിടം നിര്‍മ്മിക്കാത്തതിനെതിരെ നാട്ടുക്കാര് ജനകീയ പ്രതിഷേധ സമരത്തിനൊരുങ്ങുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ പെരുമഴയത്ത് പോലും നനഞ്ഞു കുതിര്‍ന്ന് പോലീസ് സ്റ്റേഷന് പുറത്തു നില്‍ക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ആളുകളെ അകത്തു കയറ്റാനുള്ള സൗകര്യങ്ങളില്ല. തിരക്കു കൂടിയാല്‍ പ്രവേശന കവാടം അടക്കുകയല്ലാതെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു വേറെ മാര്‍ഗ്ഗമില്ല.
പരാതിക്കാരും മറ്റുള്ളവരും നില്‍ക്കുന്നതിനിടയിലൂടെയാണ് പോളിടെക്നിക് കോളജിലേക്കുള്ള വിദാര്‍ഥി- വിദ്യാര്‍ഥിനികളുടേയും യാത്ര. പഞ്ചായത്ത്- സബ്ബ് രജിസ്ട്രാര്‍- വില്ലേജ്- കുടുംബശ്രീ കാര്യാലയങ്ങളിലേക്കും ഹോമിയോ- ആയുര്‍വ്വേദ ആശുപത്രികളിലേക്കും കല്ലേറ്റുംകര സഹകരണ ബാങ്കിലേക്കും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലേക്കും നൂറുകണക്കിനു ആളുകള്‍ യാത്ര ചെയ്യുന്ന റോഡിന്റെ ഇരുവശവും പോലീസ് പിടിച്ചെടുത്ത ജെസിബി ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് അത്യന്തം അപകടകരമായ സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഈ പോലീസ് സ്റ്റേഷന് ഇവിടെ നിന്നും മാറ്റുവാനും ചിലര്‍ ശ്രമിച്ചു.
ജില്ലാകളക്ടറെ തെറ്റിദ്ധരിപ്പിച്ച് കെട്ടിട നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം അനുവദിപ്പിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്നീട് ആ നീക്കം ഉപേക്ഷിച്ചു. അതിനു ശേഷം പഞ്ചായത്തു വക സ്ഥലം അനുവദിയ്ക്കാന്‍ തയ്യാറായെങ്കിലും സ്ഥലം മതിയാകില്ലെന്നു ബന്ധപ്പെട്ടവര്‍ നിലപാടെടുത്തു. ഒരു സ്വകാര്യ വ്യക്തി അനുവദിച്ച സ്ഥലം കെട്ടിട നിര്‍മ്മാണത്തിന് അനുകൂലമല്ലെന്നും അധികൃതര്‍ അറിയിച്ചു.
കാരണങ്ങള്‍ എന്തു തന്നെയായലും ആളൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായ കെട്ടിടം എന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് കല്ലേറ്റുംകര വികസന സമിതി യോഗം അഭിപ്രായപ്പെട്ടു. ജനകീയ പ്രതിഷേധ സമരങ്ങള്‍ക്കു മുന്നോടിയായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര മുന്നറിയിപ്പ് നല്കാന് യോഗം തീരുമാനിച്ചു. വികസന സമിതി യോഗത്തില്‍ വര്‍ഗ്ഗീസ് തൊടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. മാര്ട്ടിന് പി. പോള്‍, പി.എല്‍. ജോസ്, ഉണ്ണികൃഷ്ണന് പുതുവീട്ടില്‍ ആന്റു പുന്നേലിപറമ്പില്‍, ഐ.കെ. ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.