അശാസ്ത്രീയ ബണ്ട് നിര്‍മാണം: ഹരിപുരം നിവാസികള്‍ തീരാദുരിതത്തില്‍

കെഎല്‍ഡിസി കനാലില്‍ നിന്ന് എംഎം കനാലിലേക്കുള്ള ബണ്ട്.
ഇരിങ്ങാലക്കുട: മഴയൊഴിഞ്ഞാലും വെള്ളക്കെട്ടിന് ശമനമില്ലാതെ തീരാദുരിതത്തിലാണ് കാറളം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ തണ്ടാഴി പാലത്തിന്റെ വടക്കുവശം സ്ഥിതി ചെയ്യുന്ന ബണ്ടിന്റെ സമീപവാസികളായ ഹരിപുരം നിവാസികള്‍. കെഎല്‍ഡിസി കനാലിനും എംഎം കനാലിനും ഇടയിലുള്ള ബണ്ടിന്റെയും ചിപ്പിന്റെയും അശാസ്ത്രീയമായ നിര്‍മാണമാണ് ഹരിപുരം നിവാസികളെ ദുരിതക്കയത്തിലാക്കുന്നത്. രണ്ട് കനാലുകള്‍ക്കും ഇടയിലുള്ള ബണ്ടിന് വേണ്ടത്ര ഉറപ്പോ ഉയരമോ ഇല്ല. തെങ്ങിന് മുട്ടിയും പാടത്തെ ചെളിയും ഉപയോഗിച്ചാണ് ബണ്ടിന്റെ നിര്‍മാണം.
ചീപ്പ് നിര്‍മാണം ആകട്ടെ ചെറിയ ഉയരം കുറഞ്ഞ കോണ്‍ക്രീറ്റ് പാലത്തിന് ചുവട്ടില്‍ പലക ഇട്ട് അടക്കും വിധമാണ് നിര്‍മിച്ചിരിക്കുന്നത്. ബണ്ടിന് ഉയരമില്ലാത്തതിനാല്‍ തന്നെ കെഎല്‍ ഡിസി കനാലില്‍ നിന്ന് എംഎം കനാലിലേക്ക് ബണ്ടിന് മുകളിലൂടെ വെള്ളം വരുകയും പ്രദേശത്തെ പത്തിലധികം വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതി തുടരുകയും ചെയ്യുകയാണ്. 11-ാം വാര്‍ഡിലെ നാല് വീട്ടുകാര്‍ മഴമാറിയിട്ടും രണ്ടാഴ്ച ക്യാമ്പുകളില്‍ തന്നെ കഴിയുകയായിരുന്നു. മറ്റു വീടുകളിലും പടിക്കു മുകളില്‍ വെള്ളക്കെട്ട് തുടരുന്നുണ്ട്. പത്താം വാര്‍ഡിലും പത്തിലധികം വീടുകള്‍ വെള്ള ക്കെട്ടിലാണ്.കനാലില്‍ നിന്ന് അധിക ജലം തിരിച്ചുവിടാന്‍ മണ്ണിനടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി ശരിയായ രീതിയില്‍ മണ്ണിട്ട് നികത്താത്തതിനാല്‍ ബണ്ടില്‍ പലയിടത്തും അപകടം പതിയിരിക്കുന്ന വലിയ ഗര്‍ത്തങ്ങളും യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്. മഴ കനത്തതോടെ ചിപ്പ് പലക തള്ളിപ്പോയതായും നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം കെഎല്‍ഡിസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ബണ്ടില്‍ നിന്നു തന്നെ കുറച്ച് ചെളി വാരി ബണ്ടില്‍ നിരത്തിയിട്ടുണ്ട്.
ഇത് അടുത്ത മഴ പെയ്യുന്നത് വരെയുള്ള ശമനം മാത്രമാണ്. തുടര്‍ച്ചയായി ഇടവേളകളില്ലാതെ മഴ പെയ്യാത്തത് മാത്രമാണ് തങ്ങളുടെ ഭാഗ്യം എന്ന് പ്രദേശവാസികള്‍ പറയുന്നു. ശക്തമായ മഴയില്‍ യാതൊരു ഉറപ്പും ഇല്ലാത്ത ബണ്ട് തകരാനും സാധ്യതകളേറെയാണെന്ന് ഇവിടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. അധികൃതരുടെ അശ്രദ്ധയാണ് ഇവരുടെ വീടുകളിലേക്ക് നിരന്തരമായി വെള്ളം കയറാനുള്ള കാരണമെന്നും വലിയ അപകടങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഇനിയെങ്കിലും അധികൃതരുടെ കണ്ണു തുറക്കണം എന്നുമാണ് പ്രദേശവാസികളുെ ആവശ്യം.