യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം, ഒളിവിലായിരുന്ന രണ്ട് പ്രതികളെ വാളയാറില്‍ നിന്നും പിടികൂടി
അബ്ദുള്ള, ഗോഡ്ലി.
ആളൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ വാളയാറില്‍ നിന്നും പിടികൂടി. നോര്‍ത്ത് പറവൂര്‍ വെടിമറ സ്വദേശി കഞ്ഞിരപ്പറമ്പില്‍ വീട്ടില്‍ അബ്ദുള്ള (34), പെരുംപടന്ന സ്വദേശി കടുവാപറമ്പില്‍ വീട്ടില്‍ ഗോഡ്ലി (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പടിയൂര്‍ സ്വദേശി കോഴിപ്പറമ്പില്‍ അനന്തുവിനെ (26) 2024 ഡിസംബര്‍ 25 ന് രാവിലെ പത്തരയോടെ കൊമ്പിടിഞ്ഞാമാക്കല്‍ നിന്ന് ഇയാള്‍ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ടുപോയി വെടിമറയിലുള്ള ഖുറേഷി എന്നയാളുടെ ഹോട്ടലില്‍ എത്തിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസാണിത്. അനന്തുവും സുഹൃത്തുക്കളും ചേര്‍ന്ന് അമ്പത് ലക്ഷം രൂപ കവര്‍ച്ച ചെയ്തിരുന്നു.
ഈ സംഭവത്തില്‍ മരട് സ്റ്റേഷനില്‍ കേസുണ്ട്. ഇവര്‍ കവര്‍ന്ന പണം അപഹരിക്കുന്നതിനുവേണ്ടിയാണ് പത്തു പേരടങ്ങുന്ന സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയത്. ഈ കേസില്‍ തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍ ഐപിഎസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. മുക്താര്‍, മുഹമ്മദ് ഷമീം ഖുറൈഷി, ഷാജി, നിഷാന, ഫാരിസ്, റൊണാള്‍ഡ്, റിച്ചാര്‍ഡ് എന്നീ ഏഴു പ്രതികളെ മുന്‍പ് പിടികൂടി ജയിലില്‍ അടച്ചിരുന്നു. അബ്ദുള്ളയുടെ പേരില്‍ നോര്‍ത്ത് പറവൂര്‍ പോലീസ് സ്റ്റേഷനിലും ആളൂര്‍ പോലീസ് സ്റ്റേഷനിലും ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനിലും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലുമായി ഒരു വധശ്രമ കേസും ആറ് അടിപിടി കേസുകളും ഒരു തട്ടികൊണ്ടു പോകല്‍ കേസും അടക്കം 14 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.
ഗോഡ്ലിയുടെ പേരില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഒരു തട്ടിപ്പു കേസുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ ഇവര്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പ്രതികളുമായി സംഭവ സ്ഥലമായ വെടിമറയിലേക്കെത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാട് ഡാന്‍സാഫ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ ബി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അഫ്സല് എം, സി.എസ്. സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ.എസ്. ജീവന്, വിശാഖ്, സിവില്‍ പോലീസ് ഓഫീസ്മാരായ നിഖില്‍, ആഷിഖ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ