കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കംകൂത്ത് പുറപ്പാട്

കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ അംഗുലീയാങ്കം കൂത്ത് പുറപ്പാട് അവതരിപ്പിച്ചശേഷം ഹനുമാന് വേഷത്തില്‍ ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ തീര്ഥംവാങ്ങുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യംക്ഷേത്രം കൂത്തമ്പലത്തില്‍ കൂത്തടിയന്തരത്തിന്റെ ഭാഗമായി അംഗുലീയാങ്കം കൂത്ത് പുറപ്പാട് നടന്നു. ശ്രീരാമന്റെ പ്രതീകമായി സീതയ്ക്ക് കാഴ്ചവയ്ക്കാനുളള അംഗുലീയകമോതിരം അടയാളമായിധരിച്ച് സമുദ്രംചാടിക്കടന്ന് ലങ്കയിലെത്തിയ ഹനൂമാന്റെ പുറപ്പാടാണ് അരങ്ങേറിയത്. പുറപ്പാടുദിവസം, മേല്‍ശാന്തി കൂത്തമ്പലത്തില്വന്ന് രംഗപൂജചെയ്യും. മംഗളവാദ്യഗീതഘോഷത്തോടെ ഹനൂമദ് വേഷധാരിയായ ചാക്യാര്‍ രംഗത്തുപ്രവേശിച്ച് സമുദ്രംകടന്ന കഥയും ലങ്കാപുരി വര്‍ണനയും അഭിനയിക്കും.
തുടര്‍ന്ന് നമ്പ്യാരുടെ കുത്തുവിളക്കിന്റെയും മാരാരുടെ ശംഖധ്വനിയോടെയും ഒപ്പം ദേവദര്ശനംനടത്തി അഭീഷ്ടസിദ്ധിയ്ക്കായ് പ്രാര്‍ഥിയ്ക്കും. ഹനൂമാന്റെ വേഷത്തില്‍ ചാക്യാര്‍ കൂത്തമ്പലത്തില്‍നിന്ന് പുറത്തുവന്ന് ശ്രീകോവിലിലെ സോപാനപ്പടിയില്നിന്ന് തൊഴുത് മേല്‍ശാന്തിയില്‍നിന്ന് തീര്ഥംവാങ്ങുന്ന ചടങ്ങ് കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലെ നിലവിലുള്ളു.
തുടര്‍ന്നുള്ള 11 ദിവസങ്ങളിലായി ഹനൂമാന് രാമായണകഥ ഘട്ടംഘട്ടമായി അഭിനയിക്കും. ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ഹനൂമാനായി അരങ്ങില്വന്നു. പാലപ്പുറം നമ്പ്യാര്‍മഠം നേപഥ്യ ജിനേഷ് നമ്പ്യാര്‍ മിഴാവിലും ഇന്ദിര നങ്ങ്യാര്‍ താളംപിടിച്ചും പങ്കുചേര്‍ന്നു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ അഡ്വ. അജയ്കുമാര്‍, ഡോ. മുരളി ഹരിതം, ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
