അതിവേഗം ഭൂമിയുടെ കൈവശക്കാരായവരെ ഭൂമിയുടെ അവകാശികളായി മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു: മന്ത്രി കെ. രാജന്

ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഡോ. ആര്. ബിന്ദു തിരി തെളിയിക്കുന്നു.
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ഭൂമിയുടെ കൈവശക്കാരായവരെ ഭൂമിയുടെ അവകാശികളായി മാറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്. ഇരിങ്ങാലക്കുട- പുതുക്കാട് മണ്ഡലതല പട്ടയമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അര്ഹതപ്പെട്ടവരെയെല്ലാവരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഡിജിറ്റല്‍ റീസര്‍വെ അന്തിമഘട്ടത്തിലാണ്.
ഡിജിറ്റല്‍ റവന്യൂ കാര്‍ഡിലൂടെയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ സമഗ്ര വികസനം, എല്ലാവര്ക്കും നീതിപൂര്‍വമായി ലഭിക്കണമെന്ന കാഴ്ചപ്പാടോടുകൂടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ടി.വി. ലത, ബിന്ദു പ്രദീപ്, ലിജി രതീഷ്, ഇ.കെ. അനൂപ്, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ഷിബു, ഡെപ്യൂട്ടി കളക്ടര്‍ ജ്യോതി, മുകുന്ദപുരം തഹസില്‍ദാര്‍ കെ.എം. സമീഷ് സാഹു തുടങ്ങിയവര്‍ സംസാരിച്ചു.

66 വര്‍ഷത്തെ കാത്തിരിപ്പ്; എടത്തിപറമ്പിലെ രുഗ്മണിയമ്മയുടെ ഭൂമിക്ക് രേഖയായി
ഇരിങ്ങാലക്കുട: നീണ്ട 66 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ എടത്തിപറമ്പില്‍ 76 കാരിയായ രുഗ്മണിയമ്മയ്ക്ക് സ്വന്തം ഭൂമിയില്‍ തല ചായ്ക്കാം. തലമുറകളായി പറപ്പൂക്കര പഞ്ചായത്തില്‍ കഴിയുന്ന രുഗ്മണിയമ്മക്ക് തനിക്കുള്ളതായ ഭൂമിയുടെ രേഖകള്‍ ഒടുവില്‍ ലഭിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മൂന്ന് സെന്റ് മാത്രമുള്ള ഭൂമിയിലാണ് രുഗ്മണിയമ്മ കൊച്ചു വീട് നിര്‍മ്മിച്ച് താമസിക്കുന്നത്. തനിക്കായി വീടോ ഭൂമിയോ ഇല്ലെന്ന് പരിഭവിച്ചിരുന്ന രുഗ്മണിയമ്മയ്ക്ക് ഈ ഉടമസ്ഥാവകാശം വലിയ ആശ്വാസമാണ്.
