അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്- വേണുജി

സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന രണ്ടാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെയും ഫെസ്റ്റിവല്‍ ബാഗിന്റെയും വിതരണോദ്ഘാടനം നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന രംഗകലകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് നടനകൈരളി ഡയറക്ടറും കൂടിയാട്ട കലാകാരനുമായ വേണുജി അഭിപ്രായപ്പെട്ടു. സെന്റ് ജോസഫ്സ് കോളജ് സംഘടിപ്പിക്കുന്ന രണ്ടാമത് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിന്റെയും ഫെസ്റ്റിവല്‍ ബാഗിന്റെയും വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം തന്നെ അപൂര്‍വമായ കലകളെ സംരക്ഷിക്കാനും പരിഗണന നല്‍കാനും വിദ്യാര്‍ഥി സമൂഹം ശ്രദ്ധിക്കണമെന്നും വേണുജി പറഞ്ഞു.
കോളജ് റിസര്‍ച്ച് ആന്‍ഡ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഋതു ഫിലിം ഫെസ്റ്റ് ചെയര്‍മാനും കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹോളി ഫാമിലി സന്യാസ സഭ മദര്‍ ജനറല്‍ സിസ്റ്റര്‍ ഡോ. ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട്, ഋതു ഫിലിം ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിബിത ഇമ്മാനുവല്‍, ഋതു ഫിലിം ഫെസ്റ്റ് കോര്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ ശ്രുതി ദീപക്, ഋതു ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ പി.വി. അരവിന്ദ് എന്നിവര്‍ സംസാരിച്ചു.