പൂമംഗലത്ത് സിപിഎം-സിപിഐ പോര് മുറുകുന്നു, അഞ്ചു വാര്‍ഡുകളില്‍ സിപിഐ ഒറ്റയ്ക്ക്
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു വാര്‍ഡുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ഒന്നു മുതല്‍ മൂന്നു വരെയുള്ള വാര്‍ഡുകളിലും 12, 13 വാര്‍ഡുകളിലുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. (1) മോഹിനി ശിവരാമന്, (2) രതീഷ് കിഴക്കൂട്ട്, (3) കണ്ണന് തലാപ്പിള്ളി, (12) ബാബു മാരാത്ത്, (13) സുധാകരന് പുത്തന്‍വീട്ടില്‍ എന്നിവരാണു സ്ഥാനാര്‍ഥികള്‍. പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎം 11 സീറ്റിലും ലോക്താന്ത്രിക് ജനതാദള്‍, ജനതാദള്‍ എസ് എന്നീ കക്ഷികള്‍ ഓരോ സീറ്റിലുമാണു മത്സരിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം പ്രാദേശിക തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടും ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും സമവായമുണ്ടായില്ലെന്നു സിപിഐ വ്യക്തമാക്കി. നാമനിര്‍ദേശപത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം നാലാം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി മാത്രമാണ് പത്രിക പിന്‍വലിച്ചത്. നിലവിലെ സ്ഥിതി നിലനിര്‍ത്തിയാണു എല്‍ഡിഎഫ് സീറ്റു വിഭജനം പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നു സിപിഎം വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന തലത്തിലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ഘടകകക്ഷികള്‍ക്കു സീറ്റ് നല്‍കിയതെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, എല്‍ജെഡിക്കും ജനതാദള്‍ എസിനും സീറ്റ് നല്‍കിയിട്ടും എല്‍ഡിഎഫില്‍ രണ്ടാം കക്ഷിയായ സിപിഐയ്ക്ക് സീറ്റ് നല്‍കാത്തതില്‍ നേതൃത്വത്തിനു അമര്‍ഷമുണ്ട്. അതേസമയം ഏരിയാതലത്തില്‍ പുതിയ ഘടകകക്ഷികള്‍ക്കു സീറ്റ് നല്കുന്നതിനു സിപിഎം എട്ടു സീറ്റ് വിട്ടു നല്കിയപ്പോള് ഒരു സീറ്റ് മാത്രമാണു സിപിഐ വിട്ടു നല്‍കിയിട്ടുള്ളതെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ സിപിഐ സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്ത് തുടര്‍ന്നാല്‍ പഞ്ചായത്തില്‍ ഇടതു മുന്നണിയുടെ തുടര്‍ ഭരണം ഉണ്ടാകാനുള്ള സാധ്യത മങ്ങും. കഴിഞ്ഞ പൂമംഗലം ബാങ്ക് തെരഞ്ഞടുപ്പില്‍ സിപിഐ ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സര രംഗത്ത് ഉണ്ടായിരുന്നു.