കോണ്‍ഗ്രസിലെ മുന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സ്വതന്ത്രയായി മത്സരരംഗത്ത്…. സിവില്‍ സ്റ്റേഷന് വാര്‍ഡില്‍ അട്ടിമറി വിജയം നടക്കുമോ???
ഇരിങ്ങാലക്കുട: തദ്ദേശ തെരഞ്ഞെടുപ്പില്‍ വീറുറ്റ മല്‍സരത്തിലാണു ഇത്തവണ സിവില്‍ സ്റ്റേഷന് വാര്‍ഡ് സാക്ഷ്യം വഹിക്കുന്നത്. 15 വര്‍ഷങ്ങളായി യുഡിഎഫ് വിജയം കൊയ്യുന്ന വാര്‍ഡില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും നഗരസഭ മുന്‍ ചെയര്‍പേഴ്സണുമായ ബെന്‍സി ഡേവിഡ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗപ്രവേശനം ചെയ്തതാണു മല്‍സരത്തിനു വീര്യം പകരുന്നത്. ഗ്രൂപ്പു നേതാക്കളുടെ ധാര്‍ഷ്ട്യമാണു തന്നെ പോരാട്ട ഭൂമിയിലേക്കു നയിച്ചിരിക്കുന്നതെന്നു ബെന്‍സി പറഞ്ഞു. കുടുംബശ്രീ പ്രവര്‍ത്തകയും ഹരിത കര്മസേനാംഗവുമായ രാജി പുരുഷോത്തമനെയാണു വാര്‍ഡ് നിലനിര്‍ത്താന്‍ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഈ വാര്‍ഡിലെ ഒരു അംഗമായതിനാല്‍ ഈ വാര്‍ഡിലുള്ള എല്ലാവര്ക്കും വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനമാണു രാജി നല്‍കുന്നത്. കഴിഞ്ഞ 18 വര്‍ഷങ്ങളായി അഭിഭാഷകയായി പ്രവര്‍ത്തിക്കുന്ന അഡ്വ. ജിഷ ജോബിയെയാണു വാര്‍ഡ് പിടിച്ചെടുക്കാന്‍ ഇടതുപക്ഷം അവതരിപ്പിക്കുന്നത്. എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളിലൂടെ പൊതുരംഗത്തേക്കു വന്ന അഡ്വ. ജിഷ ജോബി സിപിഐയിലെ അംഗത്വത്തോടൊപ്പം തന്നെ മഹിളാ സംഘം, വനിത കലാ സാഹിതി, ലോയേഴ്സ് അസോസിയേഷന് എന്നിവയുടെയും സജീവ പ്രവര്‍ത്തകയാണ്. വാര്‍ഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും റോഡുകളുടെ വികസനം യാഥാര്‍ഥ്യമാക്കാനും ട്രഞ്ചിംഗ് ഗ്രൗണ്ടിലെ വികസനം പൂര്‍ത്തിയാക്കാനും ശ്രമിക്കുമെന്നും അഡ്വ. ജിഷ ജോബി വ്യക്തമാക്കുന്നു. ആര്‍ട്ട് ഓഫ് ലിവിംഗ് അധ്യാപികയും ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സുലോചന ബോസിനെയാണു വാര്‍ഡിന്റെ പ്രതിനിധിയാകാന്‍ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. വാര്‍ഡിലെ റോഡുകളുടെ വികസനം പൂര്‍ത്തിയാക്കാനും കഷ്ടതയനുഭവിക്കുന്നവര്‍ക്കു സഹായങ്ങള്‍ നല്‍കുമെന്നും സുലോചന ബോസ് ഉറപ്പു നല്കുന്നു. 2010-15 കാലയളവില്‍ വാര്‍ഡിനെ പ്രതിനിധീകരിക്കുകയും ചെയര്‍പേഴ്സണ്‍ സ്ഥാനം വഹിക്കുകയും ചെയ്ത മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിഡ് സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയം ഉറപ്പു വരുത്താന്‍ രംഗത്തുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തനം കാഴ്ച വെച്ച തന്നെ കോണ്‍ഗ്രസ് തഴഞ്ഞതായും ഗ്രൂപ്പു നേതാക്കളുടെ ധാര്‍ഷ്ട്യമാണ് ഇതിനു കാരണമെന്നും ബെന്‍സി ഡേവിഡ് പറയുന്നു. 2010 ലെ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായും 2013-14 വര്‍ഷങ്ങളില്‍ യുഡിഎഫ് ഭരണസമിതി ചെയര്‍പേഴ്സണായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബെന്‍സി പറയുന്നു. ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ വികസനവും ഈ വാര്‍ഡിലെ മുഴുവന്‍ റോഡുകളും ടാറിട്ടതിനുശേഷമാണു താന്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും മാറി നിന്നതെന്നും ബെന്‍സി പറഞ്ഞു. 25 വര്‍ഷമായും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മഹിള കോണ്‍ഗ്രസിന്റെയും ജനശ്രീ സുസ്ഥിര മിഷന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിന്റെയും നല്ലൊരു പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തനിക്കു സാധിച്ചിട്ടുണ്ടെന്നും ബെന്‍സി കൂട്ടി ചേര്‍ത്തു. ഇന്നലെയും ഇന്നും ഇനിയെന്നും കോണ്‍ഗ്രസുകാരിയായി പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പിനതീതമായിട്ടാണ് താന്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ളതെന്നും ബെന്‍സി വ്യക്തമാക്കി. വാര്‍ഡ് നിലനിര്‍ത്താന്‍ യുഡിഎഫും സാഹചര്യം അനുകൂലമാക്കാന്‍ എല്‍ഡിഎഫും സാന്നിധ്യം തെളിയിക്കാന്‍ ബിജെപിയും വിജയത്തിലൂടെ രാഷ്ട്രീയ നേതൃത്വത്തിനു മറുപടി നല്കാന് സ്വതന്ത്ര സ്ഥാനാര്‍ഥിയും തുനിഞ്ഞിറങ്ങുമ്പോള്‍ സിവില്‍ സ്റ്റേഷന് വാര്‍ഡിലെ സാഹചര്യം കണ്ടറിയേണ്ടി വരും.