ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യൂണിറ്റുകള്‍ കോളജിനു നല്കി
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് സ്റ്റുഡന്റ്സ് യൂണിയന് ‘വാക’ നിര്‍മിച്ച മൂന്നു ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യൂണിറ്റുകള്‍ കോളജിനു നല്കി. കൈകള്‍ കാണിക്കുമ്പോള്‍ കൈകളിലേക്കു സാനിറ്റൈസര്‍ സ്പ്രേ ചെയ്യുന്ന രീതിയിലാണു വിദ്യാര്‍ഥികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ടു ലിറ്റര്‍ കപ്പാസിറ്റിയുള്ള റീഫില്‍ ചെയ്യാവുന്ന സാനിറ്റൈസര്‍ യൂണിറ്റ് ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥികള്‍ നിര്‍മിച്ച യൂണിറ്റ് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചു. കോളജില്‍ വച്ചു നടന്ന ചടങ്ങില്‍ യൂണിയന് ചെയര്മാന് റിസ്വിന്‍ ഹബീബ് യൂണിവേഴ്സല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്മാന് പി.കെ. സലീമിനു കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ്, സ്റ്റാഫ് അഡ്വൈസർ എം. രേഖ എന്നിവര്‍ സന്നിഹിതരായിരുന്നു.